ഇറാനില്‍ ഇറാഖ് യുദ്ധത്തിന് സമാനമായ സാഹചര്യമെന്ന് പ്രസിഡന്റ് ഹസന്‍ റൂഹാനി

രാജ്യം നേരിടുന്നത് മുമ്പെങ്ങുമില്ലാത്ത ഉപരോധം. ഏത് പ്രതിസന്ധിയും നേരിടാന്‍ രാജ്യം തയ്യാര്‍. അമേരിക്കന്‍ ഉപരോധം എണ്ണ വിപണിയെ ബാധിച്ചില്ലെന്നും ഹസന്‍ റൂഹാനി.

Update: 2019-05-13 03:09 GMT

1980ലെ ഇറാഖ് യുദ്ധത്തിന് സമാനമായ സാഹചര്യമാണ് ഇറാന്‍ അഭിമുഖീകരിക്കുന്നതെന്ന് പ്രസിഡന്‍റ് ഹസന്‍ റൂഹാനി. ഈ സാഹചര്യങ്ങളെ നേരിടാന്‍ ഇറാന് സാധിക്കുമെന്നും റൂഹാനി വ്യക്തമാക്കി. അമേരിക്കന്‍ ഉപരോധം എണ്ണ വിപണിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

ഗള്‍ഫ് മേഖലയിലേക്ക് പടക്കപ്പലുകളും യുദ്ധോപകരണങ്ങളുമയച്ച് അമേരിക്ക നടത്തുന്ന പ്രകോപനത്തെ 1980ലെ ഇറാഖ് യുദ്ധ സാഹചര്യത്തോടാണ് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനി ഉപമിച്ചത്. മുന്‍പെങ്ങുമില്ലാത്ത വിധം കടുത്ത ഉപരോധത്തിലാണ് ഇറാന്‍. എന്നാല്‍ ഈ സാഹചര്യം നേരിടാന്‍ രാജ്യത്തിന് കഴിയുമെന്നും റൂഹാനി പറയുന്നു.

Advertising
Advertising

‍അമേരിക്കയുടെ ഉപരോധം എണ്ണ കയറ്റുമതി, ഇറക്കുമതി അടക്കമുള്ള വിപണിയെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും ആയുധം വാങ്ങുന്നതിന് മാത്രമാണ് നിലവില്‍ ഉപരോധമുള്ളതെന്നും ഹസന്‍ റൂഹാനിയെ ഉദ്ധരിച്ച് ഇറാന്‍ ന്യൂസ് ഏജന്‍സിയായ ഐ.ആര്‍.എന്‍.എ അറിയിച്ചു. ചരിത്രത്തില്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തിലുള്ള സാഹചര്യമാണ് നിലവില്‍ നേരിടുന്നത്. എന്നാല്‍ നിരാശപ്പെട്ടിരിക്കാന്‍ രാജ്യം ഒരുക്കമല്ല. പ്രതീക്ഷയോടെ മുന്നോട്ട് പോകുമെന്നും ഐക്യത്തോടെ ഭാവിയിലെ ബുദ്ധിമുട്ടുകളെ അതിജീവിക്കുമെന്നും റൂഹാനി പ്രത്യാശ പ്രകടിപ്പിച്ചു.

ഇറാനുമായുളള ആണവ കരാറില്‍ നിന്നും അമേരിക്ക പിന്‍മാറിയതോടെയാണ് ടെഹ്റാനും വാഷിംങ്ടണും തമ്മില്‍ ബന്ധം ഉലഞ്ഞത്. അമേരിക്കന്‍ നടപടിക്കെതിരെ ഇറാന്‍ ശക്തമായി പ്രതികരിക്കുകയും ഇറാന് മേല്‍ അമേരിക്ക ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തതോടെ ബന്ധം കൂടുതല്‍ മോശമായി. ഇറാനെ ലക്ഷ്യമാക്കി അമേരിക്ക ഗള്‍ഫ് മേഖലയില്‍ സേനാവിന്യാസം ശക്തിപ്പെടുത്തുകയും ചെയ്തതോടെയാണ് യുദ്ധത്തിന്‍റെ പ്രതീതി ഉയര്‍ന്നത്. എന്നാല്‍ ഇറാനുമായി യുദ്ധമല്ല ലക്ഷ്യമല്ലെന്നും മുന്‍കരുതലിന്‍റെ ഭാഗമാണ് സേനാ വിന്യാസമെന്നുമാണ് യുഎസ് നിലപാട്.

Tags:    

Similar News