മോസ്കോ സന്ദര്‍ശനത്തിന് മുന്നോടിയായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ബ്രസല്‍സില്‍
സന്ദര്‍ശനം ഇറാനുമായി യുദ്ധസമാന സാഹചര്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍.
മോസ്കോ സന്ദര്‍ശനത്തിന് മുന്നോടിയായി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ബ്രസല്‍സിലെത്തി. ഇറാനുമായുള്ള പ്രശ്നം രൂക്ഷമായ സാഹചര്യത്തിലാണ് യൂറോപ്യന്‍ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചക്കായി പോംപിയോ എത്തിയത്. അതേസമയം യുദ്ധഭീഷണി മുഴക്കുന്ന അമേരിക്കയുടെ തലക്കടിക്കുമെന്ന മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി.
ഇറാനില്‍ നിന്നും മറ്റ് രാജ്യങ്ങളിലേക്കുള്ള എണ്ണ കയറ്റുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം അടുത്ത മാസം മുതല്‍ നിലവില്‍ വരും. നിലവില്‍ ഇറാനെ അനുകൂലിക്കുന്ന രാജ്യങ്ങളെയും തങ്ങളുടെ ചേരിയില്‍ ചേര്‍ക്കാനുള്ള തീവ്ര ശ്രമത്തിലാണ് അമേരിക്ക. അതിന്റെ ഭാഗമായാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയുടെ റഷ്യന്‍ യാത്ര. റഷ്യന്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചക്ക് മുന്നോടിയായി പോംപിയോ ബ്രസല്‍സിലെത്തി യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. യൂറോപ്യന്‍ യൂണിയന്റെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.
അതിനിടെ യുദ്ധ സമാനമായ സാഹചര്യം ഇറാന്‍ ഉണ്ടാക്കുന്നുവെന്ന മൈക്ക് പോംപിയോയുടെ പ്രസ്താവനയോട് ‘അനങ്ങിയാല്‍ അമേരിക്കയുടെ തലക്കടിക്കടിക്കുമെന്നായിരുന്നു’ ഇറാന്റെ പ്രതികരണം. ഗള്‍ഫിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം തങ്ങള്‍ക്ക് ഭീഷണിയല്ലെന്നും തിരിച്ചടിക്കാന്‍ എളുപ്പത്തിലുള്ള ലക്ഷ്യവും അവസരവുമാണെന്നും ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി.
ഇറാന്‍ ആക്രമണ ഭീഷണിയെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപോര്‍ട്ടിനെ തുടര്‍ന്നാണ് പശ്ചിമേഷ്യയില്‍ അമേരിക്ക സൈനിക വിന്യാസം നടത്തിയത്. തുടര്‍ന്ന് മൈക്ക് പോംപിയോ ഇറാഖിലും സന്ദര്‍ശനം നടത്തിയിരുന്നു. എണ്ണ ഉപരോധത്തിന് പുറമെ ഇറാനുമായി ഇരുമ്പ്, ഉരുക്ക്, അലൂമിനിയം, ചെമ്പ് തുടങ്ങിയ ലോഹങ്ങളുടെ വ്യാപാരം കൂടി നിരോധിച്ച് അമേരിക്ക ഉത്തരവിറക്കിയിരുന്നു. ഇതില്‍ പ്രകോപിതരായ ഇറാന്‍ വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങളാണ് നടത്തിയത്.