അമേരിക്ക - ചൈന വ്യാപാരയുദ്ധം മുറുകുന്നു
അമേരിക്കക്ക് പിന്നാലെ ചൈനയും ഇറക്കുമതി തീരുവ കൂട്ടി. ജൂണ്‍ ഒന്നുമുതല്‍ 5140 ഉല്‍പന്നങ്ങളുടെ നികുതി വര്‍ധന പ്രാബല്യത്തില്‍ വരും
അമേരിക്ക- ചൈന വ്യാപാര യുദ്ധം മുറുകുന്നു. 60 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ചൈന നികുതി കൂട്ടി. 5140 ഉല്‍പന്നങ്ങള്‍ക്കാണ് നികുതി കൂട്ടിയത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ നികുതി ഉയര്‍ത്തിയ അമേരിക്കന്‍ തീരുമാനം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് ചൈനയുടെ നടപടി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ്, 200 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ അമേരിക്ക നികുതി വര്‍ധിപ്പിച്ചത്. അതിന് മറുപടിയെന്നോണം 60 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള യുഎസ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ നികുതി വര്‍ധിപ്പിച്ച് ചൈനയും തിരിച്ചടിച്ചു. 5140 യുഎസ് ഉല്‍പന്നങ്ങളുടെ നികുതി വര്‍ധന ജൂണ്‍ ഒന്ന് മുതല്‍ നിലവില്‍ വരുമെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഏകപക്ഷീയമായ അമേരിക്കന്‍ നീക്കത്തിന്റെ ഫലമാണ് നികുതി വര്‍ധനയെന്ന് ചൈന വ്യക്തമാക്കി. ഉഭയകക്ഷി വ്യാപാരവും സാമ്പത്തിക ചര്‍ച്ചകള്‍ക്കും യു.എസ് തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും ചൈന പ്രസ്താവനയില്‍ പറയുന്നു. ചൈനീസ് പ്രസിഡന്റിനെ പരാമര്‍ശിച്ച് ട്രംപ് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് ചൈന നികുതി വര്‍ധിപ്പിച്ചത്. ''ചൈനയിലുള്ള തന്റെ ഒരുപാട് സുഹൃത്തുക്കള്‍ വളരെ ദുഖത്തിലാണ്. നിരവധി കമ്പനികള്‍ ചൈനയില്‍ നിന്ന് മറ്റിടങ്ങളിലേക്ക് പോകേണ്ട അവസ്ഥയാണ്.
വലിയ മികച്ചൊരു കരാര്‍ ഏറെ കുറെ പൂര്‍ത്തിയായിട്ടുണ്ട്, അതിന് തയ്യാറാകണം'' എന്നതാണ് ട്രംപിന്റെ ട്വീറ്റ്. ബാഹ്യസമ്മര്‍ദ്ദങ്ങളില്‍ തങ്ങള്‍ വീഴില്ലെന്നായിരുന്നു ഇതിന് ചൈനയുടെ മറുപടി. നികുതി വര്‍ധിപ്പിച്ചതിന് പിന്നാലെ ഡൌ ജോണ്‍സ്, ടെക് ഹെവി നസ്ടാക്ക് എന്നീ കമ്പനികളുടെ ഓഹരി ഇടിഞ്ഞു. ചൈനയിലെ യു.എസ് കമ്പനികളും വലിയ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.