ഇറാഖിലെ യു.എസ് എംബസി ഭാഗികമായി ഒഴിപ്പിക്കാന്‍ അമേരിക്കയുടെ തീരുമാനം
ഇറാഖിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളും കാര്യാലയങ്ങളും ഇറാന്‍ ലക്ഷ്യമിടുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി
ഇറാന്‍-അമേരിക്ക സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാഖിലെ യു.എസ് എംബസി ഭാഗികമായി ഒഴിപ്പിക്കാന്‍ അമേരിക്കയുടെ തീരുമാനം. അടിയന്തര സാഹചര്യത്തില്‍ എംബസിയില്‍ ഉണ്ടാകേണ്ട ജീവനക്കാര്‍ ഒഴികെ മറ്റുള്ളവര്‍ ഉടന്‍ രാജ്യം വിടണമെന്നാണ് ഉത്തരവിട്ടിരിക്കുന്നത്. ഇതെ തുടര്‍ന്ന് ജീവനക്കാര്‍ എംബസിയില്‍ നിന്ന് ഒഴിഞ്ഞു തുടങ്ങി.
ബാഗ്ദാദിലെ യു.എസ് എംബസിയിലേയും ഇര്‍ബിലെ കോണ്‍സുലേറ്റിലേയും അടിയന്തര സാഹചര്യത്തില്‍ അതത് കാര്യാലയങ്ങളില്‍ ഉണ്ടാകേണ്ടവര്‍ ഒഴികെ മറ്റുള്ളവര്‍ എത്രയും വേഗം ഇറാഖ് വിടണമെന്നാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഉത്തരവ്. ഗള്‍ഫ് മേഖലയില്‍ അമേരിക്കന്‍ സൈനിക നീക്കം ശക്തമാക്കിയ സാഹചര്യത്തില്‍ ഇറാഖിലെ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളും കാര്യാലയങ്ങളും ഇറാന്‍ ലക്ഷ്യമിടുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.
ഐ.എസ് വിരുദ്ധ പോരാട്ടം നടത്തുന്ന സഖ്യസേന ഡെപ്യൂട്ടി ജനറല്‍ ക്രിസ് ജിക്ക സിറിയയിലെയും ഇറാഖിലെയും നിലവിലെ സ്ഥിതി തൃപ്തികരമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ സഖ്യ സേനയുടെ നിലപാട് യു.എസ് മിലിട്ടറി സെന്‍ട്രല്‍ കമാന്റ് തള്ളി. ഇറാന്‍ സേനയും വിവിധ സായുധ വിഭാഗങ്ങളും അമേരിക്കയുടെ സൈനിക കേന്ദ്രങ്ങളും തന്ത്രപ്രധാന സ്ഥാപനങ്ങളും ലക്ഷ്യമാക്കി ആയുധങ്ങള്‍ വിന്യസിച്ചിരിക്കുകയാണെന്ന് സൈനിക വക്താവ് വ്യക്തമാക്കി.
ഇറാന്‍ എണ്ണകയറ്റുമതിക്കുള്ള ഉപരോധം ശക്തമാക്കിയതിന് പിന്നാലെ ഒരു വിമാന വാഹിനി കപ്പലും ബി 52 ബോംബര്‍ വിമാനങ്ങളും അമേരിക്ക ഗള്‍ഫ് മേഖലയിലേക്ക് അയച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ സങ്കീര്‍ണമാകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.