വെനസ്വേലയില്‍ സൈനികരെ അഭിസംബോധന ചെയ്ത് നിക്കോളാസ് മഡുറോയുടെ ശക്തി പ്രകടനം
സൈനിക അട്ടിമറിക്ക് പ്രതിപക്ഷ നേതാവ് യുവാന്‍ ഗൊയ്ദോയുടെ ആഹ്വാനം സൈന്യം തള്ളിയതിന് പിന്നാലെയാണ് മഡുറോ സൈനികരെ കാണാന്‍ നേരിട്ടെത്തിയത്.
വെനസ്വേലയില്‍ സൈനികരെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ ശക്തി പ്രകടനം. സൈനിക അട്ടിമറിക്ക് പ്രതിപക്ഷ നേതാവ് യുവാന്‍ ഗൊയ്ദോയുടെ ആഹ്വാനം സൈന്യം തള്ളിയതിന് പിന്നാലെയാണ് മഡുറോ സൈനികരെ കാണാന്‍ നേരിട്ടെത്തിയത്. അതേസമയം പ്രതിപക്ഷ ജനപ്രതിനിധികളില്‍ നാല് പേര്‍ക്കെതിരെ കൂടി സുപ്രീംകോടതി രാജ്യദ്രോഹ കുറ്റം ചുമത്തി.
പട്ടാള അട്ടിമറിക്ക് ആസൂത്രണം നടത്തിയെന്ന കുറ്റം ചുമത്തി നേരത്തെ പ്രതിപക്ഷത്തുള്ള 10 ജനപ്രതിനിധികളെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിന് പിന്നാലെയാണ് നാല് പേര്‍ക്കുകൂടി സമാന കുറ്റങ്ങള്‍ ചുമത്തിയത്. നേരത്തെ ആരോപണ വിധേയരായ 10 ജനപ്രതിനിധികളില്‍ ഒരാള്‍ അറസ്റ്റിലാവുകയും ഒമ്പത് പേര്‍ എംബസികളില്‍ അഭയം തേടുകയും ചെയ്തിരുന്നു.
മഡുറോയെ പുറത്താക്കാന്‍ പ്രതിപക്ഷ നേതാവ് യുവാന്‍ ഗൊയ്ദോ സൈന്യത്തെ ആഹ്വാനം ചെയ്തെങ്കിലും അട്ടിമറി ശ്രമം പരാജയപ്പെടുകയായിരുന്നു. ഏകദേശം ആയിരത്തോളം സൈനികരാണ് ഗൊയ്ദോയ്ക്ക് അനുകൂലമായി നിലപാട് എടുത്തത്. ദേശീയ അസംബ്ലിയില്‍ നിക്കോളാസ് മഡുറോയുടെ സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടമായിരുന്നു. തുടര്‍ന്ന് തന്നെ അനകൂലിക്കുന്നവരെ ചേര്‍ത്ത് മഡുറോ രൂപീകരിച്ച നാഷണല്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിവഴിയാണ് ഭരണം നടത്തുന്നത്.