ഈജിപ്തില്‍ ബോംബാക്രമണം
വിനോദ സഞ്ചാരികളെ ഉന്നംവെച്ചുള്ള ആക്രമണമാണെന്നാണ് നിഗമനം
ഈജിപ്തില്‍ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ച് വിനോദ സഞ്ചാരികള്‍ക്ക് പരിക്ക്. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ബസ് ഭാഗികമായി തകര്‍ന്നു.
ഈജിപ്തിലെ ഗിസ പിരമിഡ് മ്യൂസിയത്തിനടുത്താണ് സംഭവം. റോഡരികില്‍ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. അതിനടുത്ത് ടൂറിസ്റ്റ് ബസ് പാര്‍ക്ക് ചെയ്തിരുന്നതിനാലാണ് അപകടത്തിന്റെ വ്യാപ്തി കൂടിയത്.
17 വിനോദസഞ്ചാരികള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ദക്ഷിണാഫ്രിക്കയിലെയും ഈജിപ്തിലെയും വിനോദസഞ്ചാരികളാണ് ഇവര്‍. 25 പേരാണ് ബസിലുണ്ടായിരുന്നത് എന്നാണ് വിവരം. ബസിന്റെ ചില്ലുകള്‍ ശരീരത്തില്‍ തറച്ചാണ് കൂടുതല്‍ പേര്‍ക്കും പരിക്കേറ്റത്. വലിയ ശബ്ദത്തോടെയായിരുന്നു ബോംബ് പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
വിനോദ സഞ്ചാരികളെ ഉന്നംവെച്ചുള്ള ആക്രമണമാണെന്നാണ് നിഗമനം. ആറ് മാസത്തിനിടെ ഇതേ സ്ഥലത്ത് വെച്ച് വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണ് ഇത്. അന്നുണ്ടായ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.