പേര്‍ഷ്യന്‍ ഉള്‍ക്കടലിനു മുകളിലൂടെ പറക്കുന്ന യാത്രാ വിമാനങ്ങള്‍ ജാഗ്രത പാലിക്കണം: യു.എസ്
ഇറാന്‍ - അമേരിക്ക സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്
പേര്‍ഷ്യന്‍ ഉള്‍ക്കടലിനു മുകളിലൂടെ പറക്കുന്ന യാത്രാ വിമാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി യു.എസ്. ഇറാന്‍ - അമേരിക്ക സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പുതിയ അറിയിപ്പ്.
യാത്രാ വിമാനമാണെന്നു തിരിച്ചറിയാതെ ആക്രമിക്കപ്പെട്ടേക്കാനും, ആശമയ വിനിമയം തടസ്സപ്പടുന്ന തരത്തില്‍ ജാമിങ്ങിന് വിധേയമായേക്കുവാനും ഉള്ള സാധ്യതകള്‍ മുന്നില്‍ക്കണ്ടാണ് വിമാനക്കമ്പനികള്‍ക്ക് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഇറാന്‍ പിന്തുണയുള്ള ഭീകരര്‍ ഇറാഖിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്കടുത്തേക്ക് മിസൈലുകള്‍ അയക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് വ്യോമയാന വിഭാഗത്തിന്റെ മുന്നറിയിപ്പ്.
മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കിലും ഒരു തുറന്ന പോരിന് ഇരുകൂട്ടരും ആഗ്രഹിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതിനിടെ ഇറാന്റെ ഭീഷണി ചെറുക്കാനായി അമേരിക്ക പശ്ചിമേഷ്യയിലേക്ക് ബോംബര്‍ വിമാനങ്ങളും മിസൈല്‍ പ്രതിരോധ സംവിധാനങ്ങളും അയച്ചിട്ടുണ്ട്. ഹോര്‍മുസ് പാത അടയ്ക്കുമെന്ന ഇറാന്റെ ഭീഷണിയെ തുടര്‍ന്നായിരുന്നു അമേരിക്കന്‍ നടപടി. ഇറാന് പ്രകോപനുണ്ടാകുന്ന ഒരു നടപടിയും ഉണ്ടാകരുതെന്ന ജാഗ്രതയുടെ ഭാഗമാണ് വിമാനക്കമ്പനികള്‍ക്ക് യു.എസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.