യുദ്ധ സാഹചര്യം ഒഴിവാക്കാന്‍ അമേരിക്ക-ഇറാന്‍ ചര്‍ച്ചക്കായുള്ള ആവശ്യം ശക്തം

സ്വിറ്റ്സര്‍ലാന്റും ഒമാനുമാണ് സമവായ നീക്കത്തിന് മുന്നിലുള്ളത്.

Update: 2019-05-22 05:40 GMT

ഗള്‍ഫിലെ യുദ്ധ സാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി അമേരിക്ക ഇറാന്‍ ചര്‍ച്ച വേണമെന്ന ആവശ്യം ശക്തമാകുന്നു. പ്രകോപനപരമായ പ്രസ്താവനകളില്‍ നിന്ന് ഇരുരാജ്യങ്ങളും വിട്ടുനില്‍ക്കണമെന്ന അഭ്യര്‍ഥനയും ചില രാജ്യങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്. അതേ സമയം യുദ്ധം ഒഴിവാക്കാന്‍ യു.എന്‍ ഇടപെടല്‍ ഉണ്ടാകുമെന്ന സൂചനയും ശക്തമാണ്.

ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങിയതിനെ തുടര്‍ന്ന് രൂപപ്പെട്ട ഗള്‍ഫ് സംഘര്‍ഷ സാഹചര്യം എന്തു വിലകൊടുത്തും ഇല്ലാതാക്കണമെന്ന അഭിപ്രായമാണ് സമാധാന ദൗത്യവുമായി രംഗത്തുള്ളവര്‍ മുന്നോട്ടു വെക്കുന്നത്. അമേരിക്കയുമായി നല്ല ബന്ധം പുലര്‍ത്തുന്ന സ്വിറ്റ്സര്‍ലാന്റും ഒമാനുമാണ് സമവായ നീക്കത്തിന് മുന്നിലുള്ളത്.

Advertising
Advertising

ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ല കഴിഞ്ഞ ദിവസം തെഹ്റാനിലെത്തി ഇറാന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ച സുപ്രധാനമാണ്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ ഇരു രാജ്യങ്ങളും പുറത്തു വിട്ടില്ലെങ്കിലും യുദ്ധം ഇല്ലാതാക്കാന്‍ ഉപകരിക്കുന്ന ചില ഉപാധികള്‍ ഉരുതിരിഞ്ഞതായി സൂചനയുണ്ട്.

2015ലെ ആണക കരാര്‍ ദുര്‍ബലപ്പെട്ടിരിക്കെ, ഉയര്‍ന്ന തോതില്‍ യുറേനിയം സമ്പൂഷ്ടീകരണവുമായി മുന്നോട്ടു പോകുമെന്നാണ് ഇറാന്‍ വ്യക്തമാക്കുന്നത്. ഇതിനു മറുപടിയെന്നോണം ആണവായുധം സ്വന്തമാക്കാന്‍ ഒരു നിലക്കും ഇറാനെ അനുവദിക്കില്ലെന്നാണ് ട്രംപിന്റെ ഭീഷണി. കരാറില്‍ നിന്ന് ഇറാന്‍ പൂര്‍ണമായും പിന്‍മാറുന്നത് തടയാനും സമവായ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടാനും അമേരിക്ക ഒഴികെയുള്ള വന്‍ശക്തി രാജ്യങ്ങള്‍ രംഗത്തുണ്ട്.

ഈ മാസം മുപ്പതിന് മക്കയില്‍ ചേരുന്ന അറബ് മുസ്‍ലിം രാജ്യങ്ങളുടെ യോഗം, യുദ്ധസാഹചര്യം ഇല്ലാതാക്കാന്‍ ഇറാന്‍ തയാറാകണമെന്ന അഭ്യര്‍ഥന മുന്നോട്ടു വെച്ചേക്കും. പ്രശ്നപരിഹാരത്തിന് ഇറാന്‍ തയാറായാല്‍ ഗള്‍ഫ് കേന്ദ്രമായുള്ള സേനാ പുനര്‍വിന്യാസം ഉള്‍പ്പെടെയുള്ള നടപടികള്‍ ദുര്‍ബലപ്പെടുത്താന്‍ അമേരിക്കയും നിര്‍ബന്ധിതമാകും.

Tags:    

Similar News