അര്‍ജന്റീനയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പ്രതിഷേധം ശക്തമാകുന്നു
ബലാത്സംഗം മൂലമുള്ള ഗര്‍ഭധാരണവും അമ്മയുടെ ജീവന് ഭീഷണിയുണ്ടെങ്കിലും മാത്രമേ നിലവില്‍ അര്‍ജന്റീനയില്‍ ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി ലഭിക്കൂ
അര്‍ജന്റീനയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും പ്രതിഷേധം ശക്തമാകുന്നു. ആയിരകണക്കിന് ആളുകളാണ് ചൊവ്വാഴ്ച അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണിയസ് ഐറിസില്‍ ഒത്തുകൂടിയത്. ഗര്‍ഭഛിദ്രം നിയമ വിധേയമാക്കുന്ന ബില്‍ കഴിഞ്ഞ വര്‍ഷം സെനറ്റ് തള്ളിയിരുന്നു
ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ബില്‍ ചൊവ്വാഴ്ച വീണ്ടും അവതരിപ്പിച്ചിരിന്നു. കഴിഞ്ഞവര്‍ഷം 14 ആഴ്ച വരെ പ്രായമുള്ള ഭ്രൂണത്തെ നശിപ്പിക്കുന്നത് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടുള്ള ബില്‍ 31നെതിരെ 38 വോട്ടുകള്‍ക്കാണ് സെനറ്റ് തള്ളിയത്.
ബില്‍ തള്ളിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഇപ്പോഴും ഉയരുന്നത്. അര്‍ജന്റീനയില്‍ ഓരോ വര്‍ഷവും നിയമവിരുദ്ധമായി 35,0000 ഗര്‍ഭഛിദ്രങ്ങളാണ് നടക്കുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തില്‍ റോമന്‍ കത്തോലിക്കാ വിശ്വാസികള്‍ക്ക് ഭൂരിപക്ഷമുള്ള അര്‍ജന്റീനയില്‍ വര്‍ഷങ്ങളായി ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നതായി പ്രചരണം നടക്കുകയാണ്.
ബലാത്സംഗം മൂലമുള്ള ഗര്‍ഭധാരണവും അമ്മയുടെ ജീവന് ഭീഷണിയുണ്ടെങ്കിലും മാത്രമേ നിലവില്‍ അര്‍ജന്റീനയില്‍ ഗര്‍ഭം അലസിപ്പിക്കുന്നതിന് അനുമതി ലഭിക്കൂ. ബില്ലിനെ എതിര്‍ക്കുന്നവരും പിന്തുണക്കുന്നവരും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം പാര്‍ലമെന്റിന് പുറത്തും അകത്തും നടന്നിരുന്നു.