യു.എ.ഇ തീരത്ത് ഓയില്‍ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍
ആരോപണങ്ങള്‍ ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ള അമേരിക്കന്‍ ശ്രമത്തിന്‍റെ ഭാഗമാണെന്നാണ് ഇറാന്‍റെ നിലപാട്
യു.എ.ഇ തീരത്ത് ഓയില്‍ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാന്‍റെ കരങ്ങളാണെന്ന് ആരോപണവുമായി യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍.ആര്‍.ബോള്‍ട്ടന്‍ രംഗത്ത്. ആരോപണങ്ങള്‍ ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ള അമേരിക്കന്‍ ശ്രമത്തിന്‍റെ ഭാഗമാണെന്നാണ് ഇറാന്‍റെ നിലപാട്
അബൂദബിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ജോണ്‍ ബോള്‍ട്ടന്‍ ഈ നിലപാടുമായി രംഗത്തെത്തിയത്. ഫുജൈറ ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നതിന് കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ലെന്നും ജോണ്‍ ബോള്‍ട്ടന്‍ വ്യക്തമാക്കി. സൌദി തീരത്ത് യാമ്പുവില്‍ ഓയില്‍ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം നടത്താന്‍ ഇറാന്‍ ശ്രമിച്ചതായും ബോള്‍ട്ടന്‍ ആരോപിച്ചു. എന്നാല്‍ ഈ ആരോപണത്തിനും തെളിവുകള്‍ നല്‍കാന്‍ അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് തയ്യാറായില്ല.
എന്നാല്‍ ആരോപണം നിഷേധിച്ച ഇറാന്‍ ഇത്തരം ആരോപണങ്ങള്‍ ഗള്‍ഫ് മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുള്ള അമേരിക്കന്‍ ശ്രമത്തിന്‍റെ ഭാഗമാണെന്നും വ്യക്തമാക്കി. അമേരിക്കന്‍ ആരോപണത്തോട് അടിയന്തിര പ്രതികരണം നടത്താന്‍ സൌദി അറേബ്യ തയ്യാറായില്ലെന്നതും ശ്രദ്ധേയമാണ്.
ഇറാനുമായുള്ള സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഡോണള്‍ഡ് ട്രംപിന്‍റെ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്.
ഇറാനും കൂടെയുള്ളവരും ഗള്‍ഫ് മേഖലയില്‍ നടത്തുന്ന പ്രശ്നകരമായ പ്രവര്‍ത്തനങ്ങളെ തടയുക എന്ന ലക്ഷ്യമാണ് അമേരിക്കക്ക് മുന്നിലുള്ളതെന്നും ഇക്കാര്യത്തിനാണ് ട്രംപ് മുന്‍ഗണന നല്‍കുന്നതെന്നും ജോണ്‍ ബോള്‍ട്ടന്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് ഗള്‍ഫ് മേഖലയില്‍ മനഃപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാനാണ് അമേരിക്കന്‍ ശ്രമമെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രി മുഹമ്മദ് ജവാദ് ഷെരീഫ് പറഞ്ഞു