അള്‍ജീരിയയില്‍ നാളെ നടക്കാനിരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി
രാജ്യത്ത് ഉയര്‍ന്നു വന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി
അള്‍ജീരിയയില്‍ നാളെ നടക്കാനിരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് റദ്ദാക്കി. ഭരണഘടനാ കൗണ്‍സിലിന്റേതാണ് തീരുമാനം. രാജ്യത്ത് ഉയര്‍ന്നു വന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. മൂന്ന് മാസത്തിലേറെയായി അള്‍ജീരിയന്‍ ജനത വന്‍ പ്രതിഷേധത്തിലാണ്.
പ്രസിഡന്റ് അബ്ദുല്‍ അസീസ് ബൂത്ഫിലിക്ക രാജിവെച്ചതിന് പിന്നാലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും പ്രതിപക്ഷം തൃപ്തരല്ല. കുറഞ്ഞ സമയത്തിനുള്ളില്‍ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ഭരണ കക്ഷിക്ക് അനുകൂല ഫലം ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് ആരോപണം.രണ്ട് സ്ഥാനാര്‍ഥികള്‍ മാത്രമാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇവര്‍ രണ്ട് പേരും ഭരണപക്ഷമായിരുന്നു. ഈ രണ്ട് പേരുടെയും സ്ഥാനാര്‍ഥിത്വ അപേക്ഷകള്‍ തള്ളിയതായി ഭരണഘടനാ കൗണ്‍സില്‍ അറിയിച്ചു.
പ്രസിഡന്റ് രാജിവെച്ചെങ്കിലും അദ്ദേഹത്തിന്റെ അനുകൂലികള്‍ ഭരണത്തിലിരിക്കുകയും അതേ പക്ഷത്തിന്റെ സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കുകയും ചെയ്യുന്നത് തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഈ സാഹചര്യത്തില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതില്‍ അര്‍ഥമില്ലെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നു.പ്രതിപക്ഷം വ്യാപക പ്രതിഷേധം നടത്തിയിരുന്നെങ്കിലും അള്‍ജീരിയന്‍ സൈന്യം ഈ തെരഞ്ഞെടുപ്പിനെ പിന്തുണച്ചിരുന്നു