ഫലസ്തീന് സ്വയം നിര്‍ണയാവകാശമുണ്ട്, പക്ഷേ സ്വയം ഭരിക്കാനുള്ള ശേഷിയില്ലെന്ന് ജാര്‍ദ് കുഷ്നര്‍
സ്വന്തം രാഷ്ട്രമെന്ന ഫലസ്തീന്റെ ആവശ്യത്തെ എതിര്‍ത്ത് ട്രംപിന്റെ മരുമകനും മുതിര്‍ന്ന ഉപദേഷ്ടാവുമായ ജാര്‍ദ് കുഷ്നര്‍. പശ്ചിമേഷ്യന്‍ സമാധാനത്തിനായി യു.എസിന്റെ ആശയങ്ങളുടെ ഉപജ്ഞാതാവ് കൂടിയാണ് കുഷ്നര്‍
സ്വന്തം രാഷ്ട്രമെന്ന ഫലസ്തീന്റെ ആവശ്യത്തെ എതിര്‍ത്ത് ട്രംപിന്റെ മരുമകനും മുതിര്‍ന്ന ഉപദേഷ്ടാവുമായ ജാരദ് കുഷ്നര്‍. ഭരണം നടത്താന്‍ ഫലസ്തീന് പ്രാപ്തിയില്ലെന്നാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. എച്ച്.ബി.ഒ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഫലസ്തീനെ വിമര്‍ശിച്ച് കുഷ്നര്‍ രംഗത്തെത്തിയത്. സ്വയം ഭരണം എന്നത് ഏത് രാഷ്ട്രത്തെയും പോലെ ഫലസ്തീനും അര്‍ഹിക്കുന്നു, എന്നാല്‍ ഭരണം നടത്താന്‍ നിലവിലെ സാഹചര്യത്തില്‍ ഫലസ്തീന് പ്രാപ്തിയില്ലെന്നാണ് കുഷ്നര്‍ പറയുന്നത്.
ഇസ്രായേലിന്റെ ഇടപെടലില്ലാതെ ഒരു രാജ്യത്തെ നയിക്കാന്‍ ഫലസ്തീന് പ്രാപ്തിയുണ്ടോ എന്ന ചോദ്യത്തിനായിരുന്നു കുഷ്നര്‍ മറുപടി നല്‍കിയത്. അതേസമയം കാലങ്ങൾ കഴിയുമ്പോള്‍ ഇസ്രായേലിന്റെ സഹായമില്ലാതെ ഒറ്റക്കൊരു രാഷ്ട്രമായി നില കൊള്ളാന്‍ ഫലസ്തീന് കഴിഞ്ഞേക്കാം എന്ന ശുഭ പ്രതീക്ഷയും അദ്ദേഹം പങ്കുവെക്കുന്നു. പശ്ചിമേഷ്യന്‍ സമാധാനത്തിനായി യു.എസ് മുന്‍പോട്ട് വെക്കുന്ന ആശയങ്ങളുടെ ഉപജ്ഞാതാവ് കൂടിയാണ് കുഷ്ണര്‍.
ഇരു രാഷ്ട്രങ്ങളെയും ചേര്‍ത്ത് വെച്ചുള്ള പ്രശ്ന പരിഹാരമാണോ അമേരിക്ക മുന്‍പോട്ട് വെക്കുന്നത് എന്ന ചോദ്യത്തിന് കുഷ്നര്‍ മറുപടി പറഞ്ഞില്ല. ഇസ്രായേലിന് അനുകൂലമായ തീരുമാനങ്ങളാണ് അമേരിക്ക എടുക്കുന്നത് എന്നുള്ള വിമര്‍ശനം ഫലസ്തീന്റെ ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട്. അതുകൊണ്ട് തന്നെ അമേരിക്ക മുന്‍പോട്ട് വെക്കുന്ന മധ്യസ്ഥ ശ്രമങ്ങളെ ഫലസ്തീന്‍ തള്ളി കളയാറാണ് പതിവ്.