ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃപദവി ഇന്ന് രാജിവെക്കും
ബ്രിട്ടീഷ് പ്രധാമനമന്ത്രി തെരേസാ മേ ഇന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃപദവി രാജിവെക്കും. എന്നാല്‍ ഉള്‍പാര്‍ട്ടി തെരഞ്ഞെടുപ്പിലൂടെ പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത് വരെ മേ പ്രധാനമന്ത്രിയുടെ ചുമതലകള്‍ നിര്‍വഹിക്കും.
തുടര്‍ച്ചയായി ഉണ്ടായ ബ്രെക്സിറ്റ് വിഷയത്തിലെ അനിശ്ചിതത്വമാണ് മേയെ രാജിവെക്കാന്‍ നിര്‍ബന്ധിതയാക്കിയത്.നിലവില്‍ പ്രധാന മന്ത്രിയായി മത്സരിക്കാന്‍ ഏറ്റവും മുന്‍പന്തിയില്‍ മുന്‍ വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്‍സണും ഉണ്ട്. കൂടാതെ 11 കണ്‍സര്‍വേറ്റീസ് എം.പിമാര്‍ കൂടി മത്സരത്തിനുണ്ട്. തെരഞ്ഞെടുപ്പിനായുള്ള ഔദ്യോഗിക നടപടികള്‍ തിങ്കളാഴ്ച തുടങ്ങും.
ബ്രെക്സിറ്റ് കരാറുമായി ബന്ധപ്പെട്ട് എം.പിമാരുടെ പിന്തുണ നേടാന്‍ കഴിയാത്തതിനാലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദവി മേയ്ക്ക് രാജി വെക്കേണ്ടി വന്നത്. ബ്രെക്സിറ്റ് നടപ്പിലാക്കാന്‍ കഴിയാത്തത് ഇപ്പോഴും തന്നെ വേദനിപ്പിക്കുന്നുവെന്ന് മെയ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
യു.കെ യുടെ രണ്ടാമത്തെ വനിതാ നേതാവായിരുന്നു തേരെസാ മേ. 2016 ല്‍ ബ്രിട്ടീഷ് ജനത തീരുമാനിച്ച ബ്രെക്സിറ്റ് നടപ്പിലാക്കാന്‍ തനിക്ക് കഴിയുന്നതെല്ലാം ചെയ്തെന്നും ഇതിന് സാധിക്കാത്തതിനാലാണ് സ്ഥാനമൊഴിയുന്നതെന്നും തെരേസാ മേ മുന്‍പ് വ്യക്തമാക്കിയിരുന്നു.