വെസ്റ്റ്ബാങ്കിന്റെ ചില ഭാഗങ്ങളില്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് യു.എസ് അംബാസിഡര്‍
ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഡേവിഡ് ഫ്രീഡ്മെന്‍ അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്. വെസ്റ്റ്ബാങ്കിലെ ചില ഭാഗങ്ങള്‍ ഇസ്രായേലിനോട് ചേര്‍ക്കുന്നതില്‍ തെറ്റില്ല.
വെസ്റ്റ്ബാങ്കിന്റ ചില ഭാഗങ്ങളില്‍ ഇസ്രായേലിന് അവകാശമുണ്ടെന്ന് യു.എസ് അംബാസിഡര്‍ ഡേവിഡ് ഫ്രീഡ്മെന്‍. മേഖലയില്‍ സമാധാനം കൊണ്ടുവരാനായി അമേരിക്ക പദ്ധതി തയ്യാറാക്കുന്നതിനിടെയാണ് ഇസ്രായേലിലെ യു.എസ് അംബാസിഡറുടെ പരാമര്‍ശം.
ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഡേവിഡ് ഫ്രീഡ്മെന്‍ അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്. വെസ്റ്റ്ബാങ്കിലെ ചില ഭാഗങ്ങള്‍ ഇസ്രായേലിനോട് ചേര്‍ക്കുന്നതില്‍ തെറ്റില്ല. അതിന് ഇസ്രായേലിന് അവകാശമുണ്ട്. എന്നാല്‍ വെസ്റ്റ് ബാങ്കില്‍ മുഴുവനായി അവകാശവാദമുന്നയിക്കാന്‍ ഇസ്രായേലിനാവില്ലെന്നും യു.എസ് അംബാസിഡര്‍ വ്യക്തമാക്കി. തര്‍ക്ക പരിഹാരത്തിന് അമേരിക്ക ഫോര്‍മുല തയ്യാറാക്കുന്നുണ്ട്, ഇതിനിടയിലാണ് അമേരിക്കയുടെ ഇസ്രായേല്‍ അനുകൂല പരാമര്‍ശമെന്നതും ശ്രദ്ധേയമാണ്.
ഇസ്രായേലിന്റെ കയ്യേറ്റ നടപടികള്‍ക്ക് ആക്കം കൂട്ടുന്നതാണ് അമേരിക്കയുടെ നിലപാടെന്ന് ഫലസ്തീന്‍ പ്രതികരിച്ചു. ഫലസ്തീനു മേലുള്ള ഇസ്രായേല്‍ അധിനിവേശങ്ങളെ ന്യായീകരിക്കുന്നതാണ് യു.എസ് അംബാസിഡറുടെ പ്രതികരണമെന്ന് ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും അഭിപ്രായപ്പെട്ടു. 1967 ലാണ് ഫലസ്തീന്റെ ഭാഗമായിരുന്ന വെസ്റ്റ്ബാങ്ക് ഇസ്രായേല്‍ കയ്യേറിയത്.