രാജ്യദ്രോഹക്കേസ് തള്ളണമെന്ന മുശർറഫിന്റെ ഹരജി പാക് കോടതി നിരാകരിച്ചു

മുഷ്റഫിന് ശരീരഭാരം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നും പരസഹായം കൂടാതെ നടക്കാൻ കഴിയില്ലെന്നും വീൽ ചെയർ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.

Update: 2019-06-13 06:42 GMT

ആരോഗ്യകാരണങ്ങൾ മുൻനിർത്തി രാജ്യദ്രോഹക്കേസിൽ വിചാരണ മാറ്റിവെക്കണമെന്ന പാകിസ്ഥാൻ മുൻ സൈനിക മേധാവി ജന.പർവേസ് മുശർറഫിന്റെ അപേക്ഷ പാക് കോടതി തള്ളി. മുശർറഫിന്റെ അഭാവത്തിൽ കേസിൽ വിധി തീർപ്പാക്കാനാണ് പ്രത്യേക കോടതി തീരുമാനിച്ചത്.

ആവർത്തിച്ച് കോടതിയിൽ ഹാജരാവാത്തതിന് മുശർറഫ് നിരത്തിയ വാദങ്ങളും ജസ്റ്റിസ് താഹിറ സഫ്ദർ അധ്യക്ഷയായ മൂന്നംഗ ബെഞ്ച് തള്ളി. മുഷറഫിന്റെ അഭിഭാഷകൻ ബാരിസ്റ്റർ സൽമാൻ സഫ്ദറിനെ തന്റെ വാദങ്ങൾ അവതരിപ്പിക്കുന്നതിൽ തടയുകയും ചെയ്തു. സുപ്രീം കോടതി വിധി പ്രകാരമാണ് ഇത്തരമൊരു നടപടിയെന്ന് പറഞ്ഞ ബെഞ്ച് മുഷ്‌റഫിനായി വാദിക്കാൻ ഒരു അഭിഭാഷകനെയോ ഒരു ടീമിനെയോ നിയോഗിക്കാൻ ആഭ്യന്തര മന്ത്രാലയത്തോട് നിർദ്ദേശിക്കുകയും ചെയ്തു .

Advertising
Advertising

2007ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനാണ് മുശർറഫിനെതിരെ മുൻ സർക്കാർ 2013ൽ ഹരജി നൽകിയത്. അടിയന്തരാവസ്ഥക്കാലത്ത് നിരവധി ജഡ്ജിമാരെ മുശർറഫ് ജയിലിലടയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ, ചികിത്സക്കായി മുശർറഫ് ദുബൈയിലേക്ക് കടന്നതോടെ വിചാരണനടപടികൾ കാര്യക്ഷമമായി നടന്നില്ല. വിഡിയോ ലിങ്ക് വഴി വിചാരണ നടത്തണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു.

കേസിന്റെ ഹിയറിങ് തുടർച്ചയായി മാറ്റാൻ ആവശ്യപ്പെടുന്നതില്‍ തനിക്ക് സ്വയം ബുദ്ധിമുട്ട് ഉണ്ടെന്നും എന്നാൽ മുഷ്റഫിന് ശരീരഭാരം കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നും പരസഹായം കൂടാതെ നടക്കാൻ കഴിയില്ലെന്നും വീൽ ചെയർ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. മസ്തിഷ്ക സംബന്ധമായ അപൂർവ രോഗം ബാധിച്ച മുശർറഫിന്റെ ആരോഗ്യനില സംബന്ധിച്ച പൂർണ വിവരങ്ങൾ കോടതിയിൽ ഹാജരാക്കുമെന്ന് അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിൽ ജൂൺ 27ന് അടുത്തവാദം കേൾക്കും

Tags:    

Similar News