എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണം; പോര്‍വിളിച്ച് അമേരിക്കയും ഇറാനും

ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഹോര്‍മുസ് കടലിടുക്ക് അടച്ച് എണ്ണക്കച്ചവടം സ്തംഭിപ്പിക്കാനുള്ള ഇറാന്റെ ഭീഷണി വിലപ്പോവില്ലെന്നും പറഞ്ഞു.

Update: 2019-06-15 02:28 GMT

ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പരസ്പരം പോര്‍വിളിച്ച് അമേരിക്കയും ഇറാനും. ആക്രമണങ്ങള്‍ക്കു പിന്നില്‍ ഇറാനാണെന്നും ഇറാനെ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് നേരിടണമെന്നും അമേരിക്ക പ്രതികരിച്ചു. എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിക്കുന്ന അമേരിക്കയാണ് ലോകത്തിന് ഭീഷണിയെന്ന് ഇറാനും തിരിച്ചടിച്ചു.

വ്യാഴാഴ്ചയാണ് ഒമാന്‍ ഉള്‍ക്കടലില്‍ രണ്ട് എണ്ണക്കപ്പലുകള്‍ക്കു നേരെ ആക്രമണം നടന്നത്. ജപ്പാന്റെയും നോര്‍വീജിയയുടെയും ഉടമസ്ഥതയിലുള്ളതായിരുന്നു കപ്പലുകള്‍. ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്നു ആരോപിച്ച് അമേരിക്ക കഴിഞ്ഞ ദിവസം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ഇറാന്‍ ദേശീയ സേനയായ റെവല്യൂഷനറി ഗാര്‍ഡിന്റെ അംഗങ്ങള്‍ പട്രോളിങ് ബോട്ടിലെത്തി കപ്പലില്‍ നിന്ന് പൊട്ടാത്ത മൈന്‍ എടുത്തുമാറ്റുന്ന ദൃശ്യങ്ങളാണ് യു.എസ് മിലിട്ടറി പുറത്തുവിട്ടിരുന്നത്.

Advertising
Advertising

തങ്ങളല്ല ആക്രമണത്തിനു പിന്നിലെന്നു കാണിക്കാന്‍ തെളിവുനശീകരണത്തിന്റെ ഭാഗമായാണ് ഇറാന്‍ സൈന്യം കപ്പലില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ നീക്കിയതെന്നായിരുന്നു അമേരിക്കയുടെ ആരോപണം. എന്നാല്‍ അര്‍ഥശൂന്യമാണ് അമേരിക്കയുടെ ആരോപണങ്ങള്‍ എന്നും ഇത്തരം ആരോപണങ്ങള്‍ അപഹാസ്യമാണെന്നും ഇറാന്‍ വിദേശകാര്യമന്ത്രി ജാവേദ് ശരീഫ് കുറ്റപ്പെടുത്തി. ഷാങ് ഹായ് ഉച്ചകോടിയില്‍ സംസാരിച്ച ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി അമേരിക്കക്കെതിരെ ശക്തമായാണ് പ്രതികരിച്ചത്.

ആക്രമണത്തിനു പിന്നില്‍ ഇറാനാണെന്ന് ആരോപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഹോര്‍മുസ് കടലിടുക്ക് അടച്ച് എണ്ണക്കച്ചവടം സ്തംഭിപ്പിക്കാനുള്ള ഇറാന്റെ ഭീഷണി വിലപ്പോവില്ലെന്നും പറഞ്ഞു. ഫോക്‌സ് ന്യൂസിനു നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ഇറാനെതിരെ അന്താരാഷ്ട്ര സമൂഹം ഒരുമിച്ചു നിന്ന് പ്രതികരിക്കണമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷഹനാനും പറഞ്ഞു.

Tags:    

Similar News