ഖത്തര്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രധാനപങ്കാളിയെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിന്‍
താജിക്കിസ്ഥാനില്‍ നടന്ന ദ്വിദിന രാജ്യാന്തര ഉച്ചകോടിയില്‍ വെച്ചാണ് ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും വ്ളാദ്മിര്‍ പുടിനും കൂടിക്കാഴ്ച്ച നടത്തിയത്
ഖത്തര്‍ മിഡില്‍ ഈസ്റ്റിലെ ഏറ്റവും പ്രധാനപങ്കാളിയാണെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിന്‍. ഖത്തര്‍ അമീറും റഷ്യന്‍ പ്രസിഡന്‍റും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. താജിക്കിസ്ഥാനില്‍ നടന്ന ദ്വിദിന രാജ്യാന്തര ഉച്ചകോടിയില്‍ വെച്ചാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയും റഷ്യന്‍ പ്രസിഡന്‍റ് വ്ളാദ്മിര്‍ പുടിനും കൂടിക്കാഴ്ച്ച നടത്തിയത്.
ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. വാണിജ്യ നിക്ഷേപ സാംസ്കാരിക സൈനിക മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ബന്ധം വലിയ വളര്‍ച്ച കൈവരിച്ചതായി വിലയിരുത്തുകയും മേഖലയിലെയും ആഗോളതലത്തിലെയും രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യുകയും ചെയ്തു.
ഉപരോധമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ക്രിയാത്മകമായ പരിഹാര ശ്രമങ്ങളുണ്ടാകണമെന്നും ജനങ്ങളുടെ സുരക്ഷയ്ക്കായിരിക്കണം പ്രാമുഖ്യം നല്‍കേണ്ടതെന്നും റഷ്യന്‍ പ്രസിഡന്‍റ് ഓര്‍മ്മിപ്പിച്ചു. തുര്‍ക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍, ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍ പിങ് തുടങ്ങി രാഷ്ട്ര നേതാക്കളുമായും നേരത്തെ ഖത്തര്‍ അമീര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു