മുഹമ്മദ് മുര്‍സി; ജനാധിപത്യത്തിനായി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വം
ഒരു പക്ഷെ ഈജിപ്തിൽ ജനാധിപത്യത്തിനായുള്ള പ്രക്ഷോഭങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിനും മുർസിയുടെ മരണം കാരണമായേക്കാം
ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റായിരുന്നു മുഹമ്മദ് മുര്‍സി. ഒരു രാജ്യത്തെ ജനാധിപത്യവഴിയിലേക്കു നയിക്കാന്‍ ജീവിതം സമര്‍പ്പിച്ച വ്യക്തിത്വം. മുസ്ലിം ബ്രദര്‍ഹുഡിലൂടെയാണ് മുര്‍സിയുടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.
1951 ആഗസ്ററ് 20ന് ഈജിപ്തിലെ ശറഖിയ്യയിലാണ് മുഹമ്മദ് മുർസി ഈസാ അൽ ഇയ്യാഥിന്റെ ജനനം.കൈറോ സർവകലാശാലയിൽനിന്ന് എൻജിനീയറിങ്ങിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ മുർസി 1982ൽ കാലിഫോർണിയ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റു നേടി. അവിടെ മൂന്നുവർഷം പ്രഫസറായി സേവനമനുഷ്ഠിച്ചു.
1985ൽ ജന്മനാട്ടിലേക്ക് മടങ്ങിയ ശേഷമാണ് മുർസി മുസ്ലിം ബ്രദർഹുഡില്‍ സജീവമാകുന്നത്. 2000ല്‍ ബ്രദര്‍ഹുഡ് പിന്തുണയോടെ പാർലമെന്റിലേക്ക് മത്സരിച്ച് വിജയിച്ച മുർസി ഇക്കാലയളവിനുള്ളിൽ നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
2011ല്‍ ഈജിപ്തില്‍ ആഞ്ഞടിച്ച അറബ് വിപ്ലവത്തിന്റെ മുന്നണിയില്‍ ബ്രദര്‍ഹുഡ് നേതാവായി മുര്‍സിയുണ്ടായിരുന്നു. ഹുസ്നി മുബാറക്കിന്റെ മുപ്പതു വര്‍ഷം നീണ്ട സ്വേഛാധിപത്യ ഭരണത്തിന് അറബ് വസന്തം അന്ത്യം കുറിച്ചു. അറബ് വസന്തത്തോടെ ബ്രദര്‍ഹുഡ് രൂപീകരിച്ച ഫ്രീഡം ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് 2012ല്‍ നടന്ന ഈജിപ്തിലെ ആദ്യ ജനാധിപത്യ തെരഞ്ഞെടുപ്പില്‍ മുര്‍സി പ്രസിഡന്റാകുന്നത്.
ഈജിപ്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മുര്‍സി നടത്തിയ പ്രഖ്യാപനം രാജ്യം ആവേശത്തോടെയാണ് വരവേറ്റത്. മൂന്നു പതിറ്റാണ്ടു കാലം നീണ്ട മര്‍ദക ഭരണകൂടം മാറി ജനാധിപത്യത്തിന്റെ വായു ശ്വസിക്കുകയായിരുന്നു ജനങ്ങള്‍.
മുര്‍സി അധികാരത്തിലേറിയ ഉടനെ തന്നെ ജനകീയ ഭരണത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുണ്ടായി. പട്ടാളത്തിന്റെ പിന്തുണയോടെ ആയിരുന്നു അത്. അധികാരത്തിലേറിയതിന്റെ ഒന്നാം വാർഷികത്തിൽ തഹ്‌രീർ ചത്വരത്തിൽ നടന്ന പ്രക്ഷോഭം അഞ്ച് ദിവസം നീണ്ടു നിന്നു.
അട്ടിമറി ശ്രമങ്ങളുടെ സൂചനകള്‍ വന്നപ്പോള്‍ മുര്‍സി ജനങ്ങളോട് പ്രഖ്യാപിച്ചു. തന്റെ ജീവനായിരിക്കും ജനാധിപത്യത്തിനായി വിലകൊടുക്കേണ്ടി വരുന്നത്. മുര്‍സി പറഞ്ഞ പോലെതന്നെയാണ് പിന്നീട് സംഭവിച്ചത്
2013 ജൂലൈ 4 ന് മുർസിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കി. ജനകീയ പ്രക്ഷോഭകരെ കൊലപ്പെടുത്തിയെന്നും ചാരപ്രവർത്തനം നടത്തിയെന്നും പറഞ്ഞ് കേസെടുത്ത് മുര്‍സിയെ പിന്നീടു വന്ന ഭരണകൂടം തടവിലിട്ടു.
ഇതിന്റെ വിചാരണ നേരിടുന്നതിനിടെയാണ് 67ാം വയസ്സില്‍ മുര്‍സി അന്ത്യയാത്രയായത്. ഒരു പക്ഷെ ഈജിപ്തിൽ ജനാധിപത്യത്തിനായുള്ള പ്രക്ഷോഭങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിനും മുർസിയുടെ മരണം കാരണമായേക്കാം