മുഹമ്മദ് മുര്‍സിയുടേത് സ്വാഭാവിക മരണമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് ഉര്‍ദുഗാന്‍

സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്

Update: 2019-06-19 02:37 GMT
മുര്‍സി അനുസ്മരണ പ്രാര്‍ഥനാ സംഗമത്തില്‍ സംസാരിക്കുന്ന ഉര്‍ദുഗാന്‍
Advertising

ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടേത് സ്വാഭാവിക മരണമാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. തുര്‍ക്കിയില്‍ നടന്ന മുര്‍സി അനുസ്മരണ പ്രാര്‍ഥനാ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഉര്‍ദുഗാന്‍.

80ലധികം നഗരങ്ങളിലാണ് തുര്‍ക്കിയില്‍ മുര്‍സി അനുസ്മരണ സംഗമങ്ങള്‍ നടന്നത്. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആറു വര്‍ഷത്തെ കസ്റ്റഡി കാലത്തെ മുര്‍സിയുടെ ജീവിതവും അന്വേഷണത്തിന്റെ പരിധിയില്‍ വരണമെന്ന് കമ്മീഷന്‍ പറഞ്ഞു. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, മലേഷ്യന്‍ വിദേശ കാര്യമന്ത്രി സെയ്ഫുദ്ദീന്‍ അബ്ദുല്ല തുടങ്ങിയ നേതാക്കളും മു‍ര്‍സിക്ക് അനുശോചനം രേഖപ്പെടുത്തി.

ടുണീഷ്യയിലെ അന്നഹ്ദ പാര്‍ട്ടിയും, ജോര്‍ദാനിലെ മുസ്ലിം ബ്രദര്‍ഹുഡും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഫലസ്തീന്‍ അല്‍ അക്സ മസ്ജിദില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. ആംനസ്റ്റി ഇന്റര്‍നാഷണലും കുടുംബത്തെ അനുശോചനം അറിയിച്ചു.

2012 ജൂണിൽ ഈജിപ്ത് പ്രസിഡൻറായി അധികാരമേറ്റ മുർസിയെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുന്നതും ജയിലിൽ അടക്കുന്നതും 2013 ജൂലൈയിലാണ്. ഈജിപ്തില്‍ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായിരുന്നു മുഹമ്മദ് മുര്‍സി.

Tags:    

Similar News