പാതിവഴിയില്‍ ജീവന്‍ നഷ്ടമായ അച്ഛനും മകളും; കുടിയേറ്റക്കാരുടെ ദുരിതം തുറന്നുകാട്ടി ഒരു ചിത്രം കൂടി
അമേരിക്കയിലേക്കുള്ള ജീവന്‍ പണയംവെച്ചുള്ള യാത്രയ്ക്കിടെ പാതിവഴിയില്‍ ജീവന്‍ നഷ്ടപ്പെട്ട അച്ഛന്റെയും മകളുടെയും ചിത്രം.
അതിജീവന ശ്രമത്തിനിടെ ജീവന്‍ പൊലിയുന്ന അഭയാര്‍ഥികളുടെ ഹൃദയഭേദകമായ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഒന്നുകൂടി- അമേരിക്കയിലേക്കുള്ള ജീവന്‍ പണയംവെച്ചുള്ള യാത്രയ്ക്കിടെ പാതിവഴിയില്‍ ജീവന്‍ നഷ്ടപ്പെട്ട അച്ഛന്റെയും മകളുടെയും ചിത്രം. അമേരിക്ക - മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ റിയോ ഗ്രാന്റെ നദിക്കരയിലാണ് ഇവരുടെ മൃതദേഹം കണ്ടത്.
എല്‍ സാല്‍വദോറില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറാന്‍ ശ്രമിച്ച ഓസ്കാര്‍ ആല്‍ബര്‍ടോ മാര്‍ടിനസ് രെമിരസും മകള്‍ വലേറിയയുമാണ് ചിത്രത്തിലുള്ളത്. കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു ഇരുവരും. അച്ഛന്റെ വസ്ത്രത്തിനുള്ളില്‍ അദ്ദേഹത്തെ ചേര്‍ത്തുപിടിച്ച് കിടന്ന നിലയിലാണ് കുട്ടി. 2015ല്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദിയുടേതിന് സമാനമാണ് ഈ അച്ഛന്റെയും മകളുടെയും ചിത്രം.
മകളുമായി നീന്തി അവളെ അമേരിക്കയുടെ സമീപം എത്തിച്ചു. ഭാര്യയെ കൊണ്ടുപോകാനായി തിരിക്കുന്നതിനിടെ മകള്‍ വെള്ളത്തില്‍ വീണു. അവളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുവരും ചുഴിയില്‍ പെട്ടുപോവുകയായിരുന്നു.
ഏപ്രില്‍ മൂന്നിനാണ് എല്‍ സാല്‍വദോറില്‍ നിന്ന് കുടുംബം പുറപ്പെട്ടത്. അമേരിക്കയില്‍ അഭയം കണ്ടെത്താനുള്ള ശ്രമങ്ങള്‍ വൈകിയതോടെയാണ് നീന്തി അതിര്‍ത്തിയിലെത്താന്‍ രെമിരസ് തീരുമാനിച്ചത്- വീടുണ്ടാക്കണം, മെച്ചപ്പെട്ട ജീവിതം വേണം. അതിന് പണം വേണം. ഇതുവരെയെത്തി. ഇനി തിരിച്ചുപോകില്ല. എങ്ങനെയെങ്കിലും അക്കരെ എത്തണമെന്ന് പറഞ്ഞാണ് വെള്ളത്തിലേക്ക് രെമിരസ് മകളുമൊത്ത് നീന്താന്‍ തുടങ്ങിയതെന്ന് കുടുംബം പറയുന്നു. ഭര്‍ത്താവും മകളും മുങ്ങിത്താഴുന്നത് കണ്ടുനില്‍ക്കാനെ കഴിഞ്ഞുള്ളൂവെന്ന് രെമിരസിന്റെ ഭാര്യ പറഞ്ഞു. മെക്സിക്കന്‍ ദിനപത്രമാണ് ഈ ചിത്രം പ്രസിദ്ധീകരിച്ചത്.