‘രഹസ്യ ആയുധം കൈവശമുണ്ട്; പ്രകോപിപ്പിക്കരുത്’ അമേരിക്കയോട് ഇറാൻ
ഹോർമുസ് കടലിടുക്കിൽ ഇന്ധന കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാൻ ആണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ഇറാൻ ഇത് നിഷേധിച്ചിട്ടുണ്ട്.
തെഹ്‌റാൻ: 2015-ലെ ആണവ കരാർ ലംഘിക്കച്ചതിനെ തുടർന്ന് അമേരിക്കക്കും ഇറാനുമിടയിലെ സംഘർഷം രൂക്ഷമാകുന്നതിനിടെ, അമേരിക്കക്ക് മുന്നറിയിപ്പുമായി ഇറാൻ സൈനിക കമാൻഡർ. അമേരിക്ക തെറ്റ് ചെയ്യുന്നത് സൂക്ഷിച്ചു വേണമെന്നും തങ്ങളുടെ കൈവശം വിശിഷ്ടമായ രഹസ്യായുധമുണ്ടെന്നും ഇറാൻ സൈനിക കമാൻഡർ ബ്രിഗേഡിയർ ജനറൽ അലിറിസ സബാഹി ഫർദ് മുന്നറിയിപ്പ് നൽകി.
തലസ്ഥാനമായ ഇറാനിൽ ഒരു ഔദ്യോഗിക പരിപാടിയിലെ പ്രസംഗത്തിനിടെയാണ് അൽ അൻബിയ എയർ ഡിഫൻസ് ബേസിലെ കമാൻഡറായ അലിറിസ സബാഹി ഭീഷണി സ്വരത്തിൽ അമേരിക്കക്കെതിരെ സംസാരിച്ചത്. 'ഇറാന്റെ പ്രതിരോധ മികവും വിശിഷ്ടമായ രഹസ്യായുധവുമാണ് ശത്രുവിനെ അതിർത്തിയിൽ നിന്ന് 200 മൈൽ അകലെ ഹോർമുസ് കടലിടുക്കിൽ നിർത്തിയിരിക്കുന്നത്. ഇറാന്റെ യുദ്ധ സന്നാഹത്തെപ്പറ്റി ശത്രുവിന് നന്നായി അറിയാം. അവരുടെ ആദ്യത്തെ പിഴവ് അവസാനത്തേതുമായിരിക്കും.' അലിറിസ സബാഹിയെ ഉദ്ധരിച്ച് തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ഹോർമുസ് കടലിടുക്കിൽ ഇന്ധന കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാൻ ആണെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ഇറാൻ ഇത് നിഷേധിച്ചിട്ടുണ്ട്. 2015-ൽ അമേരിക്കയും ലോകരാജ്യങ്ങളും ഇറാനുമായി ഒപ്പുവെച്ച കരാറിൽ നിന്ന് യു.എസ് ഭരണകൂടം ഏകപക്ഷീയമായി പിന്മാറിയത് ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്. കരാർ പാലിച്ചില്ലെങ്കിൽ ആണവ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പ്രസിഡണ്ട് ഹസ്സൻ റൂഹാനി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.