കടല്‍ക്കൊല കേസ്; ഇറ്റലി സഹകരിച്ചിരുന്നെങ്കില്‍ വിചാരണ നേരത്തെ അവസാനിക്കുമായിരുന്നുവെന്ന് ഇന്ത്യ
കടല്‍ക്കൊലക്കേസില്‍ ഹേഗിലെ അന്താരാഷ്ട്ര തര്‍ക്കപരിഹാര കോടതിയില്‍ വാദം തുടങ്ങി
ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊലക്കേസില്‍ ഹേഗിലെ അന്താരാഷ്ട്ര തര്‍ക്കപരിഹാര കോടതിയില്‍ വാദം തുടങ്ങി. കേസിന്റെ വിചാരണ റോമിലേക്ക് മാറ്റണമെന്നും അകാരണമായി വിചാരണ നീട്ടുകയാണെന്നും ഇറ്റലി വാദിച്ചു. ഇറ്റലി സഹകരിച്ചിരുന്നെങ്കില്‍ വിചാരണ നേരത്തെ അവസാനിക്കുമായിരുന്നുവെന്ന് ഇന്ത്യ തിരിച്ചടിച്ചു.
2012-ല്‍ കേരളതീരത്ത് വച്ചാണ് ഇറ്റാലിയന്‍ നാവികരായ മസ്സിമിലിയാനോ ലാത്തോറെ, സാൽവത്തോറെ ജിറോണ് എന്നിവര്‍ മത്സ്യ തൊഴിലാളികളെ വെടിവച്ചത്. കേസില്‍ ഇന്ത്യയില്‍ വിചാരണ നേരിടവെ ആരോഗ്യ കാരണമടക്കമുള്ളവ ചൂണ്ടിക്കാട്ടി ഇറ്റലിയിലേക്ക് മടങ്ങിയ ഇവര്‍ പിന്നീട് തിരിച്ചെത്തിയിട്ടില്ല. ഇതിനിടെ 2015 ല്‍, നെതര്‍ലാന്റിലെ ഹേഗിലുള്ള അന്താരാഷ്ട്ര തര്‍ക്ക പരിഹാര കോടതിയെ ഇറ്റലി സമീപിക്കുകയായിരുന്നു. നാവികര്‍ക്കെതിരായ ക്രിമനല്‍ കുറ്റങ്ങള്‍ റദ്ദാക്കാന്‍ ഇന്ത്യയോട് നിര്‍ദ്ദേശിക്കണം എന്നാണ് ഇറ്റലിയുടെ പ്രധാന ആവശ്യം. ഇറ്റലിയുടെ സർക്കാരുദ്യോഗസ്ഥരാണ് പ്രതിസ്ഥാനത്തുള്ളത്. മത്സ്യ തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കാനാണ് വെടിയുതിര്‍ത്തത് . ഇന്ത്യ വിചാരണ അകാരണമായി നീട്ടുകയാണ്.
വിചാരണ റോമിൽ നടത്തണമെവന്നും ഇറ്റലി വാദിച്ചു. വാദത്തെ ഇന്ത്യ ശക്തമായി എതിര്‍ത്തു. ഇന്ത്യന്‍ പൌരന്‍മാരാണ് വെടവെപ്പില്‍ കൊല്ലപ്പെട്ടത്.മുന്നറിയിപ്പ് നല്‍കാനാണ് വെടിയുതിര്‍ത്തത് എന്ന വാദം അവശ്വസനീയം. നാവികര്‍ വിചാരണ ഇന്ത്യയിലാണ് വിചാരണ നേരിടേണ്ടത്. അവര്‍ ഇന്ത്യയിലേക്ക മടങ്ങണം എന്നും മുതിര്‍ന്ന അഭിഭാഷകന്‍ ബാലസുബ്രഹ്മണ്യം വാദിച്ചു. അന്താരാഷ്ട്ര കോടതിയിലെ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ നാവികര്‍ ഇറ്റലിയില്‍ തുടരും.