ലോകരാഷ്ട്രീയത്തിൽ അമേരിക്കയുടെ കാലം കഴിഞ്ഞു: ഇറാൻ വിദേശമന്ത്രി
ടെഹ്റാനില്‍ നടന്ന ഇറാന്‍ കമാന്‍ഡര്‍മാരുടെ യോഗത്തിലാണ് ജവാദ് സരീഫ് അമേരിക്കക്കെതിരെ ആഞ്ഞടിച്ചത്.
അമേരിക്കക്കെതിരെ ആഞ്ഞടിച്ച് ഇറാന്‍ വിദേശമന്ത്രി ജവാദ് സരീഫ്. ലോക രാഷ്ട്രീയത്തില്‍ അമേരിക്കയുടെ സ്ഥാനം കഴിഞ്ഞുവെന്ന് ജവാദ് സരീഫ്. അതേ സമയം ബ്രിട്ടന്‍ തടഞ്ഞ് വെച്ച ഇറാന്റെ എണ്ണക്കപ്പലിലെ ക്യാപ്റ്റനെ ജിബ്രാള്‍ട്ടര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടീഷ് എണ്ണക്കപ്പല്‍ തടഞ്ഞുവെക്കാന്‍ ഇറാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ബ്രിട്ടന്‍ ഇന്നലെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇറാന്‍ സര്‍ക്കാറും റവല്യൂഷണറി ഗാര്‍ഡും ആരോപണം തള്ളിയിരുന്നു.
ടെഹ്റാനില്‍ നടന്ന ഇറാന്‍ കമാന്‍ഡര്‍മാരുടെ യോഗത്തിലാണ് ജവാദ് സരീഫ് അമേരിക്കക്കെതിരെ ആഞ്ഞടിച്ചത്. ഇറാന്റെ ആണവശേഷികള്‍ക്കെതിരെ എല്ലാവര്‍ക്കും യോജിച്ച ഒരു തീരുമാനമെടുക്കാന്‍ അമേരിക്കക്ക് കഴിഞ്ഞില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. അതിനാല്‍ ലോക രാഷ്ട്രീയത്തില്‍ അമേരിക്കയുടെ സ്ഥാനം കഴിഞ്ഞെന്നും ഇറാന്‍ ആഭ്യന്തരമന്ത്രി ജവാദ് സരീഫ് പറഞ്ഞു. ഇന്റര്‍നാഷനല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സിയുടെ അടിയന്തരയോഗത്തില്‍ ഇറാനെതിരെ ഒരു വരി പോലും എഴുതാന്‍ അമേരിക്കക്ക് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം ബ്രിട്ടന്‍ നാവികസേന ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ നിന്നും കഴിഞ്ഞയാഴ്ച പിടികൂടിയ ഇറാന്റെ ഗ്രേസ് വണ്‍ എന്ന സൂപ്പര്‍ ടാങ്കറിന്റെ ക്യാപ്റ്റനെയും ചീഫ് ഓഫീസറെയും ജിബ്രാള്‍ട്ടര്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിറിയക്കു മേല്‍ യൂറോപ്യന്‍ യൂണിയന്‍ ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ചു എന്നാരോപിച്ചാണ് അറസ്റ്റ്. ചില രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കപ്പലില്‍ നിന്ന് ജിബ്രാള്‍ട്ടര്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് വഴി സഞ്ചരിക്കുകയായിരുന്ന ബ്രിട്ടീഷ് എണ്ണക്കപ്പലായ ബി.പി ടാങ്കര്‍ പിടിച്ചെടുക്കാന്‍ മൂന്ന് ഇറാനിയന്‍ സായുധ ബോട്ടുകള്‍ ശ്രമിച്ചതായാണ് ബ്രിട്ടന്റെ ആരോപണം. ഇതിന് ശേഷമാണ് ഇറാനിയന്‍ എണ്ണക്കപ്പലിലെ ക്യാപ്റ്റനെയും ചീഫ് ഓഫീസറെയും അറസ്റ്റ് ചെയ്തത്. എണ്ണക്കപ്പലുകള്‍ തടയാന്‍ ശ്രമിച്ചെന്ന ആരോപണം ഇറാന്‍ സര്‍ക്കാറും റവല്യൂഷണറി ഗാര്‍ഡും തള്ളിയിരുന്നു. മേഖലയിലെ സാഹചര്യം ഏറെ ആശങ്കാ ജനകമാണെന്നും പിടിച്ചെടുക്കാന്‍ ശ്രമിച്ച കപ്പലിനെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണെന്നും ബ്രിട്ടന്‍ വിദേശകാര്യ സെക്രട്ടറിജര്‍മി ഹന്‍ഡ് പറഞ്ഞു. അതേസമയം താന്‍ തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ബ്രിട്ടന്റെ എല്ലാ കപ്പലുകള്‍ക്കും കൂടുതല്‍ സുരക്ഷ ഉറപ്പാക്കുമെന്ന് ബ്രിട്ടന്റെ മുന്‍ വിദേശകാര്യ സെക്രട്ടറിയും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ ബോറിസ് ജോന്‍സന്‍ പറഞ്ഞു.
ഇറാനും ബ്രിട്ടനും തമ്മിലുള്ള പ്രശ്നം അമേരിക്ക മുതലെടുക്കാന്‍ ശ്രമിക്കുകയാണെന്ന് റഷ്യ കുറ്റപ്പെടുത്തി. 2015-ല്‍ വന്‍ശക്തികള്‍ ഇറാനുമായി ഒപ്പുവെച്ച ആണവകരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതോടെയാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്.