അഭയാർഥികളുടെ ഒഴുക്ക് തടയാൻ പുതിയ നിയമവുമായി ട്രംപ് ഭരണകൂടം
ഏഴ് മധ്യ അമേരിക്കൻ രാഷ്ട്രങ്ങൾ കടന്ന് അമേരിക്കയിലേക്ക് കടക്കുന്ന അഭയാർത്ഥികൾക്കാണ് പുതിയ നിയമം ബാധകമാവുക.
മധ്യ അമേരിക്കൻ രാഷ്ട്രങ്ങളിലൂടെയുള്ള അഭയാർഥികളുടെ ഒഴുക്ക് തടയാൻ പുതിയ നിയമവുമായി ട്രംപ് ഭരണകൂടം. ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. സ്വന്തം രാജ്യത്ത് സഹായം അഭ്യർഥിച്ചിട്ടും ലഭിക്കാത്തവർക്ക് നിയമത്തിൽ ഇളവ് നൽകിയിട്ടുണ്ട്. കോസ്റ്റാ റിക, ഗ്വാട്ടിമല, ഹോണ്ടുറാസ്, പാനമ തുടങ്ങിയ ഏഴ് മധ്യ അമേരിക്കൻ രാഷ്ട്രങ്ങൾ കടന്ന് അമേരിക്കയിലേക്ക് കടക്കുന്ന അഭയാർത്ഥികൾക്കാണ് പുതിയ നിയമം ബാധകമാവുക.
അമേരിക്കയിൽ എത്താനായി മധ്യ അമേരിക്കൻ രാഷ്ട്രങ്ങളിൽ ഏതെങ്കിലും ഒരു രാജ്യത്തിൽ പ്രവേശിച്ചിട്ടുണ്ടെങ്കിൽ അവർക്ക് യുഎസ് അഭയം നൽകില്ല. യുഎസ്-മെക്സിക്കോ അതിർത്തി കടന്ന് എത്തുന്നവരുടെ എണ്ണം കുറക്കാനുള്ള നടപടികളുടെ ഭാഗമായാണ് ട്രംപിന്റെ പുതിയ നീക്കം. തിങ്കളാഴ്ച പുറത്തുവിട്ട ഉത്തരവ് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. അതിർത്തി കടന്നെത്തുന്ന കുട്ടികൾക്കും നിയമം ബാധകമാണ്. അന്താരാഷ്ട്ര അഭയാർത്ഥി ഉടന്പടി ഒപ്പുവെക്കാത്ത രാജ്യത്ത് നിന്ന് വരുന്നവർക്കും സ്വന്തം രാജ്യത്ത് സഹായം ലഭിക്കാത്തവർക്കും പുതിയ നിയമത്തിൽ ഇളവുണ്ടാകും.
പുതിയ നിയമം ഏറെ നിയമപ്രശ്നങ്ങൾക്ക് വഴിവെക്കും എന്നാണ് സൂചന. പുതിയ നിയമം നിലവിലുള്ള അഭയാർഥി നിയമത്തെ പൂർണമായും ഇല്ലാതാക്കുന്നതാണെന്ന് വിമർശനം ഉയർന്നുകഴിഞ്ഞു.. കൂടാതെ യുഎസ്-മെക്സിക്കോ അതിർത്തിയിലൂടെ അല്ലാതെ അമേരിക്കയിൽ എത്തുന്ന ആർക്കും സംരക്ഷണം നൽകുന്നതാണ് നിയമം.
സ്വന്തം വീട്ടിൽ നിൽക്കാനാകാത്ത അവസ്ഥയാണെന്ന് തെളിയിക്കാനായാൽ അവർക്ക് യുഎസ് സംരക്ഷണം നൽകേണ്ടിവരും. ഇവർ എങ്ങനെ എത്തിയെന്ന് പോലും അന്വേഷിക്കാൻ നിയമസാധുത ഇല്ലാതായി എന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഇപ്പോഴുള്ള അഭയാർത്ഥികൾക്ക് നിയമം ബാധകമാകില്ല