വംശീയ പരാമര്‍ശം; ട്രംപിനെ അപലപിച്ച് അമേരിക്കന്‍ പ്രതിനിധി സഭ

ലോകത്തിലെ തന്നെ ഏറ്റവും അഴിമതി നിറഞ്ഞ കഴിവില്ലാത്തവരുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവരാണ് അമേരിക്കന്‍ ഭരണകൂടത്തെ പഠിപ്പിക്കുന്നത് എന്നായിരുന്നു ട്രംപിന്‍റെ പരാമര്‍ശം

Update: 2019-07-17 05:24 GMT

അമേരിക്കന്‍ കോണ്‍ഗ്രസിലെ വനിതാ പ്രതിനിധികള്‍ക്കെതിരായ പ്രസിഡന്‍റിന്‍റെ പരാമര്‍ശത്തെ അപലപിച്ച് അമേരിക്കന്‍ പ്രതിനിധി സഭ. ഡോണള്‍ഡ് ട്രംപിന്‍റെ വംശീയ ട്വീറ്റ് ഭയവും വെറുപ്പും സൃഷ്ടിക്കുന്നതാണെന്ന് സഭ ചൂണ്ടിക്കാട്ടി. എന്നാല്‍ തന്‍റെ വാക്കുകള്‍ വളച്ചൊടിച്ചുവെന്നും ജനപ്രതിനിധികള്‍ രാജ്യത്തോട് സ്നേഹമുള്ളവരാകണം എന്നാണ് ഉദ്ദേശിച്ചതെന്നും ട്രംപ് വിശദീകരിച്ചു. ജനങ്ങളെ നിറത്തിന്‍റെ പേരില്‍ വേര്‍തിരിക്കുന്നതാണ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ട്വീറ്റ്.

ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വര്‍ധിപ്പിക്കുന്നതാണ് പരാമര്‍ശം. ഇത് അപലപനീയമാണെന്നും യു.എസ് ജനപ്രതിനിധി സഭ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു. സഭയുടെ പ്രമേയം രാജ്യത്തിന്‍റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണെന്ന് റാഷിദ ത്വാലിബ് പറഞ്ഞു. എന്നാല്‍ തന്‍റെ പരാമര്‍ശം വളച്ചൊടിക്കുകയയിരുന്നുവെന്നാണ് ട്രംപിന്‍റെ വിശദീകരണം. രാജ്യത്തിനെതിരായ പരാമര്‍ശങ്ങള്‍ അവര്‍ അവസാനിപ്പിക്കണം. അവര്‍ക്ക് എവിടെ വേണമെങ്കിലും പോകാം. പക്ഷെ അമേരിക്കക്കെതിരെയോ ഇസ്രയേലിനെതിരെയോ സംസാരിക്കരുത്. താനൊരു വംശീയവാദിയല്ല. വംശീയതയുടെ അംശം പോലും തന്‍റെ ശരീരത്തില്‍ ഇല്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

Advertising
Advertising

അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ്, അയന്ന പ്രസ്ലി, റാഷിദ ത്വാലിബ്, ഇൽഹാൻ ഒമർ എന്നിവര്‍‌ക്കെതിരെയായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. ഇവര്‍ അമേരിക്കയെ വെറുക്കുന്നവരാണ് അതുകൊണ്ട് രാജ്യം വിട്ടുപോകണം. ലോകത്തിലെതന്നെ ഏറ്റവും അഴിമതി നിറഞ്ഞ കഴിവില്ലാത്തവരുള്ള രാജ്യങ്ങളില്‍നിന്നും വരുന്നവരാണ് അവര്‍. അവരാണ് അമേരിക്കയില്‍ വന്ന് ഗവണ്‍മെന്‍റ് എങ്ങിനെ പ്രവര്‍ത്തിക്കണം എന്ന് പഠിപ്പിക്കുന്നത് എന്നായിരുന്ന ട്രംപിന്‍റെ വിമര്‍ശനം. ട്രംപ് ഭരണകൂടത്തെ ശക്തമായി വിമര്‍ശിക്കുന്ന ഈ നാല്‍വര്‍ സംഘം ദ സ്ക്വാഡ് എന്ന പേരിലാണ് അറിയപ്പെടുന്നത്.

Tags:    

Similar News