കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടാനാകില്ലെന്ന് വീണ്ടും ബ്രിട്ടീഷ് പാര്ലമെന്റ്
കരാറില്ലാതെയും ബ്രെക്സിറ്റ് നടപ്പക്കാം എന്ന ബോറിസ് ജോണ്‍സന്‍റെ നിലപാടാണ് പാര്‍ലമെന്‍റ് നിഷ്കരുണം തള്ളിയത്
കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് അംഗീകരിക്കില്ലെന്ന് വീണ്ടും ബ്രിട്ടീഷ് പാര്ലമെന്റ്. കരാറില്ലാതെയും ബ്രെക്സിറ്റ് നടപ്പാക്കാം എന്ന ബോറിസ് ജോണ്‍സന്‍റെ നിലപാട് പാര്‍ലമെന്‍റ് നിഷ്കരുണം തള്ളി. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ പിന്‍ഗാമിക്ക് വന്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണ് പാര്‍ലമെന്റിന്‍റെ നടപടി. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് അംഗീകരിക്കില്ലെന്ന് സഭ വ്യക്തമാക്കി. 274 നെതിരെ 315 വോട്ടുകള്‍ക്കാണ് പാര്‍ലമെന്‍റ് നോ ഡീല്‍ ബ്രെക്സിറ്റ് തള്ളിയത്. തെരേസമേയുടെ പിന്‍ഗാമിയായി ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന നേതാവ് ബോറിസ് ജോണ്‍സണാണ്. കരാറോടു കൂടിയോ കരാറില്ലാതെയോ യൂറോപ്യന്‍ യൂണിയന്‍ വിടാം എന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്. എന്നാല്‍ ഇത് പാര്‍ലമെന്‍റ് തള്ളിയതോടെ അടുത്ത പ്രധാനമന്ത്രിക്ക് കരാര്‍ പാസ്സാക്കിയെടുക്കുക വലിയ വെല്ലുവിളിയാകും.