ഇറാൻ കപ്പൽ പിടിച്ചെടുത്ത സംഭവം; ആശങ്കയോടെ പാശ്ചാത്യ ലോകം

പാശ്ചാത്യ മാധ്യമങ്ങൾ ആരോപിക്കുന്നതു പോലെ എണ്ണ ടാങ്കർ അല്ല പിടിച്ചെടുത്തതെന്നും കള്ളക്കടത്തു കപ്പൽ മാത്രമാണെന്നും ഇറാൻ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ് ന്യൂയോർക്കിൽ പറഞ്ഞു 

Update: 2019-07-19 05:25 GMT

തെഹ്‌റാൻ: വിദേശ കപ്പൽ പിടിച്ചെടുത്ത് 12 ജീവനക്കാരെ അറസ്റ്റ് ചെയ്ത നീക്കം പശ്ചിമേഷ്യയിൽ നിലവിലുള്ള രാഷ്ട്രീയ സംഘർഷത്തിന്റെ ഭാഗമെന്ന് സൂചന. പേർഷ്യൻ ഉൾക്കടലിലെ ലറാക് ദ്വീപിനു സമീപം അപായസൂചന പുറപ്പെടുവിച്ച കപ്പലിനെ തങ്ങളുടെ സമുദ്രപരിധിയിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നും പിന്നീട് നടത്തിയ പരിശോധനയിൽ ഇത് എണ്ണ കള്ളക്കടത്ത് നടത്തുന്നതാണെന്ന് വ്യക്തമായതായും ഇറാൻ ഔദ്യോഗിക വാർത്താ ചാനലായ പ്രസ് ടി.വി റിപ്പോർട്ട് ചെയ്തു. ഏത് രാജ്യത്തിന്റേതാണ് കപ്പലെന്ന് ഇറാൻ വ്യക്തമാക്കിയില്ല. പനാമ പതാകയുള്ള എം.ടി റിയ എന്ന കപ്പലാണ് പിടികൂടിയതെന്നും ഈ കപ്പൽ ജൂലൈ 14 മുതൽ കാണാതായതാണെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

Advertising
Advertising

രണ്ട് ദശലക്ഷം ലിറ്റർ വഹിക്കാൻ ശേഷിയുള്ള ചെറിയ കപ്പലാണ് ഇതെന്നും പിടിച്ചെടുക്കുമ്പോൾ ഇതിൽ ഒരു ദശലക്ഷം ലിറ്റർ ഇന്ധനമുണ്ടായിരുന്നുവെന്നും ഇറാൻ അധികൃതർ പറഞ്ഞു. ഇറാനിയൻ ചെറുകപ്പലുകളിൽ നിന്ന് എണ്ണവാങ്ങി വിദേശ കപ്പലുകൾക്ക് മറിച്ചുവിൽക്കുന്ന നിയമവിരുദ്ധ പ്രവർത്തനത്തിലാണ് കപ്പൽ ഏർപ്പെട്ടിരുന്നത്. കപ്പൽ ജീവനക്കാരായ 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കോടതി നിർദേശപ്രകാരം ഇവർക്കെതിരെ നിയമനടപടി ആരംഭിച്ചതായും പ്രസ് ടിവി റിപ്പോർട്ടിൽ പറയുന്നു.

പാശ്ചാത്യ മാധ്യമങ്ങൾ ആരോപിക്കുന്നതു പോലെ എണ്ണ ടാങ്കർ അല്ല പിടിച്ചെടുത്തതെന്നും കള്ളക്കടത്തു കപ്പൽ മാത്രമാണെന്നും ഇറാൻ വിദേശമന്ത്രി മുഹമ്മദ് ജവാദ് സരിഫ് ന്യൂയോർക്കിൽ പറഞ്ഞു. കള്ളക്കടത്ത് തടയുന്നതിനുള്ള ദൈനംദിന നടപടിയുടെ ഭാഗമായാണ് കപ്പൽ പിടിച്ചെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, നിലവിലെ സാഹചര്യത്തിൽ നയതന്ത്ര സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇറാന്റെ നീക്കമെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ വിലയിരുത്തുന്നത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള അന്താരാഷ്ട്ര കപ്പലുകളുടെ സഞ്ചാരം സുരക്ഷിതമല്ലെന്ന സന്ദേശം നൽകാനും ഇറാൻ ലക്ഷ്യമിടുന്നുണ്ടത്രേ. ഈ മാസം ആദ്യവാരത്തിൽ ഇറാൻ എണ്ണക്കപ്പൽ ഗിബ്രാൾട്ടറിനു സമീപം ബ്രിട്ടീഷ് റോയൽ മറീനുകൾ പിടിച്ചെടുത്തിരുന്നു. സിറിയയിലേക്ക് ഇന്ധനമെത്തിക്കുന്ന കപ്പലാണിതെന്നായിരുന്നു വിശദീകരണം. ബ്രിട്ടൻ അംബാസഡറെ വിളിച്ചുവരുത്തി ശാസിച്ചാണ് ഇറാൻ ഇതിനോട് പ്രതികരിച്ചത്.

Tags:    

Similar News