ചൈനിയില്‍ ഗ്യാസ് പ്ലാന്‍റില്‍ പൊട്ടിത്തെറി; 15 പേര്‍ മരിച്ചു 15 പേര്‍ക്ക് ഗുരുതര പരിക്ക്

ഉഗ്ര സ്ഫോടനത്തെ തുടര്‍ന്ന് പ്ലാന്‍റിന്‍റെ 500 മീറ്റര്‍ ചുറ്റളവില്‍ നാശനഷ്ടമുണ്ടായി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ കൂടുമെന്നാണ് റിപ്പോര്‍ട്ട്

Update: 2019-07-21 06:01 GMT

ചൈനയില്‍ ഹെനാന്‍ പ്രവിശ്യയിലെ ഗ്യാസ് പ്ലാന്‍റിലുണ്ടായ പൊട്ടിത്തെറിയില്‍ 15 പേര്‍ മരിച്ചു. 15 പേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഗ്യാസ് പ്ലാന്‍റിലെ എയര് സെപ്പറേഷന്‍ യൂണിറ്റിലാണ് പൊട്ടിത്തെറിയുണ്ടായത്. ഉഗ്ര സ്ഫോടനത്തെ തുടര്‍ന്ന് പ്ലാന്‍റിന്‍റെ 500 മീറ്റര്‍ ചുറ്റളവില്‍ നാശനഷ്ടമുണ്ടായി. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ കൂടുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകീട്ട് 6 മണിയോടെയാണ് സംഭവം.

പൊതുമേഖല സ്ഥാപനമായ ഹെനാന്‍ കോള്‍ ഗ്യാസ് കമ്പനി ലിമിറ്റഡിന്‍റെ ഹെനാന്‍ പ്രവിശ്യയിലെ യിമയിലുള്ള പ്ലാന്‍റിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകട കാരണം വ്യക്തമല്ല. പ്ലാന്‍റിന്‍റെ 500 മീറ്റര്‍ ചുറ്റളവിലുള്ള കെട്ടിടങ്ങള്‍ക്ക് കേടുപാട് പറ്റി. ഗുരുതരമായി പരിക്കേറ്റവരില്‍ 8 മാസം പ്രായമായ കുട്ടിയുമുണ്ട്. അപകടത്തെ തുടര്‍ന്ന് ഗ്യാസ് പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. പ്രദേശത്തെ വായുവും ജല ശ്രോതസ്സുകളും മലിനീകരിക്കപ്പെട്ടിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ രാജ്യത്ത് മുന്‍ നിരയിലുള്ള സ്ഥാപനങ്ങളില്‍ ഒന്നാണ് ഹെനാന്‍ കോള്‍ ഗ്യാസ് കമ്പനി. അപകട കാരണത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Tags:    

Similar News