ഹോങ്കോങ്ങില്‍ സര്‍ക്കാറിനെതിരെ വീണ്ടും പടുകൂറ്റന്‍ പ്രതിഷേധ മാര്‍ച്ച്
ഹോങ്കോങിലെ വിക്ടോറിയ പാര്‍ക്കില്‍ ഒത്തുചേര്‍ന്ന പ്രതിഷേധക്കാര്‍ വാന്‍ ചായിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചത്
ഹോങ്കോങ്ങില്‍ സര്‍ക്കാറിനെതിരെ വീണ്ടും പടുകൂറ്റന്‍ പ്രതിഷേധ മാര്‍ച്ച്. കുറ്റവാളി കൈമാറ്റ ബില്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രക്ഷോഭത്തിനെതിരെ പൊലീസ് നടത്തിയ അതിക്രമങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
ഹോങ്കോങിലെ വിക്ടോറിയ പാര്‍ക്കില്‍ ഒത്തുചേര്‍ന്ന പ്രതിഷേധക്കാര്‍ വാന്‍ ചായിലേക്കാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കുറ്റവാളികളെ വിചാരണക്കായി ചൈനക്ക് കൈമാറുന്ന നിയമവുമായി ബന്ധപ്പെട്ട് ആഴ്ചകളായി ഹോങ്കോങില്‍ നടന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ പൊലീസ് ഇടപെടല്‍ നടന്നെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. വിഷയത്തില്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും കൃത്യവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. അതേ സമയം വിവാദ ബില്ലിന്മേല്‍ പുനപ്പരിശോധന ഉണ്ടാകുമെന്ന ചീഫ് എക്സിക്യുട്ടീവ് കാരിലാമിന്റെ പ്രസ്താവനയേയും പ്രതിഷേധക്കാര്‍ അംഗീകരിച്ചിട്ടില്ല. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് മാര്‍ച്ചില്‍ അണിനിരന്നത്.
അതേസമയം വാന്‍ ചായിലെ കോടതിക്ക് മുമ്പിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. 30 പേര്‍ക്കാണ് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റത്. ജൂലൈ ആദ്യവാരത്തില്‍ ഹോങ്കോങിലെ നിയമനിര്‍മാണ സഭയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചോടെയാണ് സംഘര്‍ഷം രൂക്ഷമാകുന്നത്. ചൈനയില്‍ നിന്നും മേഖലയെ സ്വതന്ത്രമാക്കുക എന്നതാണ് പ്രതിഷേധക്കാരുടെ പ്രാധാന ആവശ്യം.1997ലാണ് ബ്രിട്ടിഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ ചൈനയുടെ കീഴിലായത്..