എണ്ണകപ്പല്‍ വിവാദം; മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഇറാഖ് പ്രധാനമന്ത്രി തെഹ്റാനിലെത്തി
ബ്രിട്ടന്റെ എണ്ണ കപ്പൽ ഇറാൻ പിടിച്ചെടുത്തതിനെ ചൊല്ലി രൂപപ്പെട്ട ഗുരുതര സാഹചര്യം മറികടക്കാനുള്ള മധ്യസ്ഥ നീക്കത്തിന്റെ ഭാഗമായി ഇറാഖ് പ്രധാനമന്ത്രി തെഹ്റാനിലെത്തി. ഇറാനുമായുള്ള അടുത്ത ബന്ധം പ്രശ്നപരിഹാരത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ഇറാഖ് പ്രധാനമന്ത്രി ആദിൽ അബ്ദുൽ മെഹ്ദി. എന്നാൽ ജിബ്രാൾട്ടറിൽ തടഞ്ഞുവെച്ച തങ്ങളുടെ എണ്ണ കപ്പൽ കൈമാറാതെ ബ്രിട്ടീഷ് കപ്പൽ വിട്ടു കൊടുക്കേണ്ടതില്ലെന്ന നിലപാടിൽ തന്നെയാണ് ഇറാൻ.
ഗൾഫ് പ്രതിസന്ധി മറികടക്കുന്നതിന് ഇരു വിഭാഗങ്ങളുമായി ചർച്ചക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇറാഖ് പ്രധാനമന്ത്രിയുടെ തെഹ്റാൻ സന്ദർശനം. കപ്പൽ വിട്ടു കൊടുത്തില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടി ഉണ്ടായേക്കുമെന്ന ആശങ്കക്കിടയിലാണ് മധ്യസ്ഥ റോളുമായി ഇറാഖ് പ്രധാനമന്ത്രിയുടെ സുപ്രധാന നീക്കം. ഇറാനെ അനുനയിപ്പിക്കാൻ ഒമാനും രംഗത്തുണ്ട്. എന്നാൽ തുടക്കത്തിൽ മധ്യസ്ഥ നീക്കം നടത്തിയ ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങൾ ബ്രിട്ടനൊപ്പം നിലയുറപ്പിച്ചത് തെഹ്റാന് തിരിച്ചടിയായി.
ഗൾഫ് മേഖലയിലൂടെയുള്ള എണ്ണ കപ്പലുകൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കാൻ ബ്രിട്ടനിൽ പ്രധാനമന്ത്രി തെരേസ മേയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗം തീരുമാനിച്ചു. പിടിച്ചെടുത്ത കപ്പൽ ഉടനടി കൈമാറാനും ബ്രിട്ടൻ ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്ക് കേന്ദ്രമായി സംഘർഷം വർധിച്ചതോടെ എണ്ണ കപ്പലുകൾക്ക് സൈനിക സുരക്ഷ ഉറപ്പാക്കാനുള്ള പദ്ധതിയുമായി സഹകരിക്കാൻ അമേരിക്ക കൂടുതൽ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. കൂടുതൽ യുദ്ധ കപ്പലുകൾ ഗൾഫിലേക്ക് അയക്കാനും അമേരിക്കൻ യൂറോപ്യൻ രാജ്യങ്ങളെയും മറ്റും പ്രേരിപ്പിക്കുകയാണ്.
അതിനിടെ, സി.ഐ.എയുമായി ചേർന്ന് ചാരവൃത്തി നടത്തിയതായി കണ്ടെത്തിയ 17 പേരെ പിടികൂടിയതായി ഇറാൻ വാർത്താ ഏജൻസി അറിയിച്ചു. തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ജോലി ചെയ്തിരുന്ന ഇറാനികളെ സി.ഐ.എ സ്വാധീനിച്ച് വിവരങ്ങൾ ചോർത്തിയെന്നാണ് ആരോപണം. എന്നാൽ വാർത്ത യു.എസ് പ്രസിഡൻറ് ട്രംപ് നിഷേധിച്ചു.