അമേരിക്കയുടെ ചാരന്മാരെ പിടികൂടിയെന്ന് ഇറാൻ; ചിലർക്ക് വധശിക്ഷ 

ചാരന്മാരുമായി സംവദിക്കാൻ സി.ഐ.എ ഉപയോഗിച്ചിരുന്ന രഹസ്യ സൈബർ സിസ്റ്റത്തിലേക്ക് ഇടിച്ചുകയറിയതായി ഇറാൻ അവകാശപ്പെട്ടിരുന്നു. 

Update: 2019-07-22 10:49 GMT

തെഹ്‌റാൻ: രാജ്യത്തിനകത്ത് പ്രവർത്തിച്ചു വരികയായിരുന്ന അമേരിക്കയുടെ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സി.ഐ.എ)ക്കു വേണ്ടി പ്രവർത്തിച്ച ചാരന്മാരെ പിടികൂടിയെന്ന് ഇറാൻ. കഴിഞ്ഞ വർഷം സി.ഐ.എക്കു വേണ്ടി വിവരം ചോർത്തിയ 17 പ്രൊഫഷണൽ ചാരന്മാരെ പിടികൂടുകയും, വിചാരണ ചെയ്ത് ഇവരിൽ ചിലർക്ക് വധശിക്ഷ വിധിച്ചതായും ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്‌നീം റിപ്പോർട്ട് ചെയ്തു.

'പിടിയിലായ ചാരന്മാർ സ്വകാര്യമേഖലയിലെ വാണിജ്യ, ആണവ, നിർമാണ സൈനിക, സൈബർ മേഖകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഈ മേഖലകളിൽ നിന്ന് നിർണായക വിവരങ്ങൾ ശേഖരിക്കുകയായിരുന്നു ഇവർ.' - പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ടുള്ള വാർത്തയിൽ പറയുന്നു. വ്യക്തികളെ ഇന്റർനെറ്റിലൂടെ ബന്ധപ്പെട്ടാണ് സി.ഐ.എ ചാരപ്പണിക്ക് റിക്രൂട്ട് ചെയ്തത്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് യു.എസ് വിസ വാഗ്ദാനം ചെയ്യുകയും, ഇറാനിയൻ സ്‌പെഷ്യലിസ്റ്റുകളെ വാടകക്കെടുത്ത് വിദേശത്തുള്ള വിവിധ പരിപാടികൾക്ക് പ്രവേശനം നൽകുകയും ചെയ്തു.

കഴിഞ്ഞ മാസം, ചാരന്മാരുമായി സംവദിക്കാൻ സി.ഐ.എ ഉപയോഗിച്ചിരുന്ന രഹസ്യ സൈബർ സിസ്റ്റത്തിലേക്ക് ഇടിച്ചുകയറിയതായി ഇറാൻ അവകാശപ്പെട്ടിരുന്നു. ഇറാനിൽ മാത്രമല്ല, മറ്റു രാജ്യങ്ങളിലും അമേരിക്ക ഇവ്വിധം ചാരപ്രവർത്തനം നടത്തുന്നുണ്ടെന്ന് ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ഷംഖാനി പറഞ്ഞു. ഇതുസംബന്ധിച്ച് സുഹൃദ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ചിലയിടങ്ങളിൽ ചാരന്മാർ അറസ്റ്റിലായി ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ഷംഖാനി കൂട്ടിച്ചേർത്തു.

Tags:    

Similar News