ബോറിസ് ജോണ്‍സണ്‍ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി
ജോണ്‍സണ് 92,153 വോട്ടും ജെറമി ഹണ്ടിന് 46,656 വോട്ടും ലഭിച്ചു.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും. ഒരു മാസത്തോളം നീണ്ട തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് ശേഷമാണ് ബോറിസ് ജോണ്‍സണെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. വിദേശകാര്യ സെക്രട്ടറി ജെറമി ഹണ്ടായിരുന്നു ലണ്ടനിലെ മുന്‍ മേയറായിരുന്ന ബോറിസ് ജോണ്‍സന്റെ പ്രധാന എതിരാളി.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ 1.6 ലക്ഷം വരുന്ന പ്രവര്‍ത്തകരുടെ പോസ്റ്റല്‍ വോട്ടാണ് പാര്‍ട്ടിയുടെ പുതിയ നേതാവിനെ തീരുമാനിച്ചത്. ജോണ്‍സണ് 92,153 വോട്ടും ജെറമി ഹണ്ടിന് 46,656 വോട്ടും ലഭിച്ചു. അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ ജോണ്‍സന് അനുകൂലമായിരുന്നു. ബ്രെക്‌സിറ്റ് വിഷയത്തില്‍ പലവട്ടം കാലിടറി രാജിവയ്ക്കുന്ന തെരേസ മേയുടെ പിന്‍ഗാമിയെ കാത്തിരിക്കുന്നത് ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ്. എണ്ണകപ്പല്‍ പ്രതിസന്ധി പരിഹരിക്കുക എന്നതും ജോണ്‍സനെ കാത്തിരിക്കുന്നുണ്ട്.
1964ല്‍ ന്യൂയോര്‍ക്ക് സിറ്റിയിലാണ് ബോറിസിന്റെ ജനനം. ഓക്‌സ്ഫഡിലടക്കം പഠനം പൂര്‍ത്തീകരിച്ച അദ്ദേഹം മാധ്യമപ്രവര്‍ത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.