ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍ ഇന്ന് അധികാരമേല്‍ക്കും
ബ്രെക്സിറ്റും ഇറാന്‍ പ്രതിസന്ധിയും തന്നെയാകും ബോറിസ് ജോണ്‍സനു മുന്നിലെ പ്രധാന വെല്ലുവിളി.
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍ ഇന്ന് അധികാരമേല്‍ക്കും, തെരേസാ മേ ഇന്ന് ഔദ്യോഗികമായി സ്ഥാനമൊഴിയും. ബ്രെക്സിറ്റും ഇറാന്‍ പ്രതിസന്ധിയും തന്നെയാകും ബോറിസ് ജോണ്‍സനു മുന്നിലെ പ്രധാന വെല്ലുവിളി. വിടവാങ്ങല്‍ പ്രസംഗത്തിനു ശേഷം തെരേസ മേ ബെക്കിങ് ഹാം കൊട്ടാരത്തിലെത്തി എലിസബത്ത് രാജ്ഞിക്ക് രാജി സമർപ്പിക്കും. അതിനു ശേഷമാകും ബോറിസ് ജോണ്‍സണ്‍ ഔദ്യോഗികമായി ചുമതലയല്‍ക്കുക.
ജോൺസണെ പിന്തുണക്കാനാവില്ലെന്ന നിലപാടിലാണ് തെരേസാ മേ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങള്‍. ബ്രെക്സിറ്റ് വിഷയത്തില്‍ ബോറിസ് ജോണ്‍സണുമായി കടുത്ത അഭിപ്രായ വ്യത്യാസമുള്ള നിലവിലെ ധനകാര്യമന്ത്രി ഫിലിപ്പ് ഹാമന്‍ഡ് രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റുചില പ്രമുഖരും പുറത്തേക്കുള്ള വഴിയിലാണ്.
ഇതിനാല്‍ തന്നെ ബോറിസ് ജോണ്‍സണ്‍ പുതിയ മന്ത്രിസഭയെ പ്രഖ്യാപിച്ചേക്കും. വിദേശ കാര്യമന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങിയ പ്രമുഖ സ്ഥാനങ്ങളിലുള്ളവരെ ഇന്നു തന്നെ പ്രഖ്യാപിച്ചേക്കാം. അതേസമയം പുതിയ മന്ത്രിസഭയെ പൂര്‍ണമായി ബോറിസ് ജോണ്‍സണ്‍ നാളെ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രെക്സിറ്റ് തന്നെയാകും ബോറിസ് ജോണ്‍സനു മുന്നിലെ പ്രധാന വെല്ലുവിളി.
ബ്രെക്സിറ്റിൽ തട്ടിയാണ് പ്രധാനമന്ത്രിമാരായ ഡേവിഡ് കാമറോണും തെരേസാ മേയും അധികാരത്തില്‍ നിന്ന് തെറിച്ചത് .കരാറോടെയാണോ കരാറില്ലാതെയാണോ ബ്രെക്സിറ്റ് വേണ്ടതെന്നതിൽ ജോൺസൺ ഇതുവരെ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല. രണ്ടായാലും കാര്യങ്ങള്‍ അത്ര എളുപ്പമല്ല. അതിനു പുറമെയാണ് ഇറാനുമായുള്ള തര്‍ക്കം. ഇറാനുമായി നിലനിൽക്കുന്ന ഭിന്നത നയതന്ത്രപരമായി പരിഹരിക്കാന്‍ ബോറിസ് ജോണ്‍സനു കഴിയുമോ എന്ന് ലോകം ഉറ്റുനോക്കുന്നു.