ബോറിസ് ജോണ്‍സന്‍റെ മന്ത്രിസഭയില്‍ ആരെല്ലാം; ചര്‍ച്ചകള്‍ സജീവം, ബ്രക്സിറ്റ് അനുകൂലികള്‍ക്ക് മുന്‍ഗണന
പ്രമുഖരായ ബ്രെക്സിറ്റ് അനുകൂലികളെ കാത്തിരിക്കുന്നത് സുപ്രധാന പദവികള്‍
പ്രധാനമന്ത്രിയായി ചുമതലയേറ്റ ബോറിസ് ജോണ്‍സന്‍റെ മന്ത്രിസഭയില്‍ ആരെല്ലാം ഉണ്ടാകുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. ബ്രെക്സിറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തിയുള്ള മന്ത്രിസഭക്കാണ് സാധ്യത കൂടുതല്‍. ഇന്ന് തന്നെ മന്ത്രിസഭാ പ്രഖ്യാപനം ഉണ്ടാകും. തെരേസ മേ മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങള്‍ ബോറിസ് ജോണ്‍സണെ പിന്തുണക്കില്ലെന്ന നിലപാടെടുത്തതോടെ നിരവധി മാറ്റങ്ങള്‍ മന്ത്രിസഭയില്‍ ഉണ്ടാകും. ജോണ്‍സന്‍റെ മന്ത്രിസഭയില്‍ പ്രമുഖരായ ബ്രെക്സിറ്റ് അനുകൂലികളെ കാത്തിരിക്കുന്നത് സുപ്രധാന പദവികള്‍. ഇന്ത്യന്‍ വംശജയായ പ്രീതി പട്ടേലിനെ ആഭ്യന്തര സെക്രട്ടറിയായും ഡൊമിനിക് റാബിനെ വിദേശകാര്യ സെക്രട്ടറിയായും നിയമിക്കും. തെരേസ മേ ക്യാബിനറ്റില്‍ ആഭ്യന്തരമന്ത്രിയായിരുന്ന സാജിദ് ജാവിദ് ധനമന്ത്രിയാകും.
ഡൊമിനിക് റാബ്, മൈക്കില്‍ ഗോവ് എന്നിവരും മന്ത്രിസഭയില്‍ ഉണ്ടാകും. ജേക്കബ് റീസ് മോഗ് ആയിരിക്കും ഹൌസ് ഓഫ് കോമണ്‍സ് നേതാവ്. സ്റ്റീവ് ബാര്‍ക്‌ലെ ബ്രെക്സിറ്റ് സെക്രട്ടറിയാകാനാണ് സാധ്യത. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്, തൊഴില്‍ മന്ത്രി ആംബര്‍ റൂഡ് എന്നിവര്‍ മന്ത്രിസഭയില്‍ തുടരും. ഗാവിന്‍ വില്യംസണായിരിക്കും വിദ്യാഭ്യാസ സെക്രട്ടറി. വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്നതാണ് ബോറിസ് ജോണ്‍സന്റെ കാബിനറ്റ്. നിക്കി മോര്‍ഗന്‍, തെരേസ വില്ല്യേഴ്സ്, ആന്‍ഡ്രിയ ലിഡ്സം എന്നിവര്‍ തിരിച്ചെത്തും. അടിസ്ഥാന സൌകര്യ വികസനത്തിനായിരിക്കും ഊന്നല്‍ നല്‍കുകയെന്ന് ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ പൊലീസില്‍ 20,000 നിയമനം, വിദ്യാഭ്യാസ മേഖലക്ക് കൂടുതല്‍ വിഹിതം എന്നീ വാഗ്‌ദാനങ്ങളും ഇതിനോടകം ബോറിസ് ജോണ്‍സണ്‍ നല്‍കി കഴിഞ്ഞു.