ഗൾഫ് സമുദ്രത്തില്‍ കപ്പലുകൾക്ക് സുരക്ഷ ഒരുക്കാനുള്ള അമേരിക്കയുടെ നീക്കം വിജയത്തിലേക്ക്
ഗൾഫ് സമുദ്രത്തിലൂടെ കടന്നു പോകുന്ന കപ്പലുകൾക്ക് സംയുക്ത സുരക്ഷാ പദ്ധതി ഒരുക്കാനുള്ള അമേരിക്കയുടെ നീക്കം വിജയത്തിലേക്ക്. ഇറാനുമായുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ യു.എസ് പദ്ധതിക്ക് പിന്തുണയർപ്പിച്ച് കൂടുതൽ രാജ്യങ്ങൾ രംഗത്തു വന്നു. അമേരിക്കയുടെ സെൻട്രൽ കമാൻറ് ഫ്ലോറിഡയിൽ വിളിച്ചു ചേർത്ത യോഗത്തിലും നിരവധി രാജ്യങ്ങൾ പങ്കെടുത്തു.
പരമാവധി രാജ്യങ്ങളെ ഉൾപ്പെടുത്തിയ നാവിക സുരക്ഷാ പദ്ധതിയാണ് ഗൾഫിൽ അമേരിക്ക ലക്ഷ്യമിടുന്നത്. ഏതു നിലക്കുള്ള ആക്രമണവും നേരിടാൻ കപ്പലുകൾക്ക് സംയുക്ത പെട്രോളിങ്ങ് ഏർപ്പെടുത്തും. ജപ്പാൻ, ഫ്രാൻസ്, ജർമ്മനി, ദക്ഷിണ കൊറിയ, ആസ്ത്രേലിയ ഉൾപ്പെടെ നിരവധി രാജ്യങ്ങൾ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചതായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ അറിയിച്ചു. തുടക്കത്തിൽ നിഷേധ നിലപാട് സ്വീകരിച്ച ബ്രിട്ടനും മനംമാറ്റം ഉണ്ടായി എന്നത് അമേരിക്കയുടെ നേട്ടമാണ്. സൗദി അറേബ്യ, യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളും യു.എസ് പദ്ധതിക്കൊപ്പം നിലയുറപ്പിക്കും. ഫ്ലോറിഡയിലെ താംബയിൽ ഗൾഫ് കപ്പൽയാത്രയുടെ സുരക്ഷ ചർച്ച ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന യോഗവും വിജയകരമായിരുന്നു. ബ്രിട്ടനും യൂറോപ്യൻ യൂനിയൻ രാജ്യങ്ങളും ഇതിൽ പങ്കെടുത്തു.
ആറ് എണ്ണ കപ്പലുകൾക്കു നേരെ അടുത്തിടെ ഉണ്ടായ ആക്രമണവും ബ്രിട്ടന്റെ കപ്പൽ ഇറാൻ പിടിച്ചെടുത്ത സംഭവവും മുൻനിർത്തിയാണ് സുരക്ഷ വർധിപ്പിക്കാനുള്ള തീരുമാനം. ഹോർമുസ് കടലിടുക്ക് മുഖേനയുള്ള കപ്പൽ സഞ്ചാരം സ്വതന്ത്രവും സുരക്ഷിതവുമാക്കാൻ മേഖലയിലെ എല്ലാ രാജ്യങ്ങളുമായും ആശയവിനിമയം തുടരുകയാണെന്ന് അമേരിക്കൻ സംയുക്ത സൈനിക സാരഥി ജനറൽ ജോസഫ് ഡൺഫോഡ് അറിയിച്ചു. അതേ സമയം ഇറാനുമായി ചർച്ചക്ക് വിസമ്മതിക്കില്ലെന്നും അമേരിക്ക വ്യക്തമാക്കി. ഗൾഫ് സംഘർഷം ചർച്ച ചെയ്യാൻ ആവശ്യമെങ്കിൽ ഇറാൻ സന്ദർശിക്കാൻ ഒരുക്കമാണെന്ന് യു.എസ് ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിൽ മൈക് പോംപിയോ അഭിപ്രായപ്പെട്ടു.