അമേരിക്കക്കും മെക്‌സിക്കോയ്ക്കുമിടയില്‍ സൗഹൃദം തീര്‍ത്ത് കുട്ടികളുടെ സീസോ കളി

ട്രംപിന്റെ അമേരിക്കന്‍ ഭരണകൂടം യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ വേര്‍തിരിവിന്റെ മതില്‍ കെട്ടിപ്പൊക്കുമ്പോള്‍ മതിലുകള്‍ക്കിടയിലൂടെ സൗഹൃദം തീര്‍ക്കുകയാണ് ഈ പിങ്ക് സീസോകള്‍ 

Update: 2019-07-31 09:34 GMT

മനുഷ്യന്‍ നിര്‍മ്മിച്ച രാജ്യാതിര്‍ത്തികളെ മായ്ച്ചുകളയുന്ന കാഴ്ച്ചകളാണ് യു.എസ്- മെക്‌സികോ അതിര്‍ത്തിയില്‍ നിന്നുള്ളത്. ഇരു രാജ്യങ്ങളിലേയും കുട്ടികള്‍ ഒരുമിച്ച് കളിച്ചാണ് അതിര്‍ത്തിയുടെ വേര്‍തിരിവുകള്‍ ഇല്ലാതാക്കുന്നത്. ട്രംപ് ഭരണകൂടം നിര്‍മ്മിക്കുന്ന വിവാദ മതിലില്‍ പ്രത്യേകം സജ്ജീകരിച്ച സീസോകളിലാണ് കുട്ടികളുടെ കളി.

Advertising
Advertising

യു.എസ് മെക്‌സിക്കോ അതിര്‍ത്തിയില്‍ 2000 മൈല്‍ നീളത്തില്‍ മതില്‍ നിര്‍മ്മിക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം. ഇതിനായി രണ്ടരദശലക്ഷം ഡോളര്‍ ചിലവാക്കാന്‍ ട്രംപ് ഭരണകൂടത്തിന് അമേരിക്കന്‍ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ഉരുക്കുകൊണ്ട് നിര്‍മ്മിക്കുന്ന അതിര്‍ത്തി മതിലിനിടയിലൂടെയാണ് പ്രത്യേകമായി നിര്‍മ്മിച്ച സീസോകള്‍ പിടിപ്പിച്ചിരിക്കുന്നത്.

ഇരു രാജ്യങ്ങളിലേയും കുട്ടികളും മാതാപിതാക്കളും പുതിയ കളിപ്പാട്ടത്തെ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുകയും ചെയ്തു. ടീട്ടര്‍ടോട്ടര്‍ മതില്‍(Teetertotter Wall) എന്നാണ് ഈ സീസോ അതിര്‍ത്തി പ്രദേശം ഇപ്പോള്‍ അറിയപ്പെടുന്നത്.

റൊണാള്‍ഡ് റേലും വിര്‍ജിനിയ സാന്‍ഫ്രട്ടാലോയും ചേര്‍ന്ന് തയ്യാറാക്കിയ സീസോയുടെ ഡിസൈന്‍

അതിര്‍ത്തികള്‍ ഇല്ലാതാക്കുന്ന ഈ സിസോകള്‍ യാഥാര്‍ഥ്യമാക്കിയത് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ആര്‍ക്കിടെക്ചര്‍ പ്രൊഫസര്‍ റൊണാള്‍ഡ് റേലാണ്. അദ്ദേഹം തന്നെ ഇരുരാജ്യങ്ങളിലേയും കുഞ്ഞുങ്ങള്‍ സീസോകളില്‍ കളിക്കുന്നതിന്റെ വീഡിയോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. റൊണാള്‍ഡ് റേലും വിര്‍ജിനിയ സാന്‍ഫ്രട്ടാലോയും ചേര്‍ന്ന് എഴുതിയ 2009ല്‍ പുറത്തിറങ്ങിയ 'Border wall as Architecture' എന്ന പുസ്തകത്തിലായിരുന്നു ഈ ആശയം ആദ്യമായി പങ്കുവെച്ചിരുന്നത്.

Tags:    

Similar News