ഇറാനെതിരായ അമേരിക്കൻ നീക്കത്തിൽ പങ്കാളിയാവാനില്ലെന്ന് ജർമനി

നിർണായക സമുദ്ര യാത്രാമാർഗമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ തടസ്സങ്ങളുണ്ടാക്കുന്നുവെന്നും ഇത് നേരിടാൻ സൈനിക നീക്കം വേണമെന്നുമാണ് അമേരിക്കയുടെ തീരുമാനം.

Update: 2019-07-31 10:08 GMT

അമേരിക്കയും ഇറാനും തമ്മിലുള്ള പേർഷ്യൻ ഉൾക്കടൽ പ്രശ്‌നത്തിൽ ഇടപെടാനില്ലെന്ന് ജർമനി. ഹോർമുസ് കടലിടുക്ക് വഴിയുള്ള സമുദ്ര ഗതാഗതത്തിന് ഇറാന്റെ ഭീഷണിയുണ്ടെന്നും ഇത് തടയാനുള്ള നീക്കങ്ങളിൽ പങ്കെടുക്കണമെന്നും അമേരിക്ക ജർമനിയോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ, അമേരിക്കയുടെ പദ്ധതികൾക്ക് എന്തെങ്കിലും വാഗ്ദാനം നൽകാൻ കഴിയില്ലെന്നും പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്നും ജർമൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

ഇറാനുമായി 2015-ൽ ഒപ്പുവെച്ച ആണവകരാറിൽ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്മാറിയതിനെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കുകയാണ്. യൂറോപ്യൻ യൂണിയൻ, ചൈന, ഫ്രാൻസ്, റഷ്യ, യു.കെ, ജർമനി രാജ്യങ്ങളോടൊപ്പം അമേരിക്ക ഒപ്പുവെച്ച കരാർ ലംഘിക്കപ്പെട്ടതോടെ ആണവ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ഇറാൻ വ്യക്തമാക്കി. ഗൾഫ് രാജ്യങ്ങളിലേക്ക് അമേരിക്ക കൂടുതൽ സൈന്യത്തെ അയക്കുകയും ചെയ്തു.

Advertising
Advertising

മേഖലയിൽ യുദ്ധാന്തരീക്ഷം നിലനിൽക്കുന്നതിനിടെ ബ്രിട്ടീഷ് പതാകയുള്ള എണ്ണ ടാങ്കർ ഇറാൻ പിടിച്ചെടുത്തു. മത്സ്യബന്ധന ബോട്ടിനെ ഇടിച്ചതിനു ശേഷം നിർത്താതെ പോയതിനാലാണ് 23 ജീവനക്കാരടക്കമുള്ള കപ്പൽ പിടികൂടിയത് എന്നാണ് ഇറാന്റെ വിശദീകരണം. കപ്പൽ വിട്ടയക്കണമെന്ന അമേരിക്കയുടെയും ബ്രിട്ടന്റെയും ആവശ്യം ഇറാൻ അംഗീകരിച്ചിട്ടില്ല.

നിർണായക സമുദ്ര യാത്രാമാർഗമായ ഹോർമുസ് കടലിടുക്കിൽ ഇറാൻ തടസ്സങ്ങളുണ്ടാക്കുന്നുവെന്നും ഇത് നേരിടാൻ സൈനിക നീക്കം വേണമെന്നുമാണ് അമേരിക്കയുടെ തീരുമാനം. ഇതിൽ പങ്കെടുക്കണമെന്ന് അവർ ബ്രിട്ടൻ, ഫ്രാൻസ്, ജർമനി രാജ്യങ്ങളോട് ആവശ്യപ്പെടുകയായിരുന്നു.

ബ്രിട്ടനും ഫ്രാൻസും അനുകൂലമായി പ്രതികരിച്ചപ്പോൾ ഒപ്പം ചേരാനില്ലെന്നാണ് ജർമനി വ്യക്തമാക്കുന്നത്. ഫ്രാൻസും ബ്രിട്ടനുമായി ഇവ്വിഷയകയമായി ചർച്ച നടത്തുന്നുണ്ടെന്നും എന്നാൽ ആർക്കും ഒരു വാഗ്ദാനവും നൽകിയിട്ടില്ലെന്നും ജർമൻ വിദേശ മന്ത്രാലയം വ്യക്തമാക്കി. നയതന്ത്ര ശ്രമങ്ങളിലൂടെ സംഘർഷം ദൂരീകരിക്കാനാണ് ജർമനി മുൻഗണന നൽകുന്നത്. പരമാവധി സമ്മർദം ചെലുത്തുക എന്ന അമേരിക്കയുടെ നയത്തോട് യോജിപ്പില്ല - പ്രസ്താവനയിൽ പറയുന്നു.

ജർമനിയുടെ നിലപാടിൽ അമേരിക്കൻ എംബസി വക്താവ് തമാറ സ്റ്റേൺബർഗ് ഗ്രില്ലർ അതൃപ്തി പ്രകടിപ്പിച്ചു. ഇറാന്റെയും യമന്റെയും സമീപത്തുള്ള കടലിലൂടെ സ്വതന്ത്രവും സുരക്ഷിതവുമായ യാത്ര വേണമെന്ന് ജർമനിക്കും അഭിപ്രായമുണ്ടെന്നും എന്നാൽ ആ സ്വാതന്ത്ര്യം ആരാണ് സംരക്ഷിക്കുക എന്നും തമാറ ഗ്രില്ലർ ചോദിച്ചു.

Tags:    

Similar News