ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ച് ഉത്തരകൊറിയ

കിഴക്കന്‍ തീരത്ത് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായി സൈന്യത്തെ ഉദ്ദരിച്ച് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു

Update: 2019-07-31 02:35 GMT

ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ച് ഉത്തരകൊറിയ. കിഴക്കന്‍ തീരത്ത് രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായി സൈന്യത്തെ ഉദ്ദരിച്ച് ദക്ഷിണ കൊറിയന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപുമായി ജൂണില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ആണവനിരായുധീകരണ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കിം ജോങ് ഉന്‍ സമ്മതം മൂളിയതിന് പിന്നാലെയാണ് ഈ നടപടി. ഹോഡോ ഉപദ്വീപില്‍ പുലര്‍ച്ചെയാണ് ഉത്തരകൊറിയ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചത്. 250 കിലോമീറ്റര്‍ ദൂരപരിധി പിന്നിട്ട മിസൈല്‍ ജപ്പാന്‍ സമുദ്രത്തിന് 30 കിലോമീറ്റര്‍ അടുത്ത് വരെയെത്തിയെന്ന് ദക്ഷിണകൊറിയന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് വ്യക്തമാക്കി.

Advertising
Advertising

ഇതിന് മുമ്പ് പ്രയോഗിച്ചവയില്‍ നിന്നും വ്യത്യസ്ത മോഡല്‍ മിസൈലാണ് ഇത്തവണത്തേതെന്ന് ജി.സി.എസ് പറഞ്ഞു. വിഷയത്തില്‍ ഉത്തരകൊറിയ പ്രതികരിച്ചിട്ടില്ല. തങ്ങളുടെ പരിധിയില്‍ മിസൈലുകള്‍ എത്തിയിട്ടില്ലെന്ന് ജപ്പാന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ആഴ്ച രണ്ട് ഷോര്‍ട്ട് റേഞ്ച് മിസൈലുകള്‍ ഉത്തരകൊറിയ പ്രയോഗിച്ചിരുന്നു. 430 കിലോമീറ്റര്‍ ദൂരപരിധി പിന്നിട്ട മിസൈല്‍ ജപ്പാന്‍ സമുദ്രത്തിന്‍റെ 50 കിലോമീറ്റര്‍ അടുത്ത് വരെ എത്തിയിരുന്നു. കഴിഞ്ഞ മാസമാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ബരണാധികാരി കിം. ജോങ് ഉന്നും കൂടിക്കാഴ്ച നടത്തുകയും ആണവനിരായുധീകരണ ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ധാരണയിലെത്തുകയും ചെയ്തിരുന്നു.

അമേരിക്കയും ജപ്പാനും നിശ്ചയിച്ച സംയുക്ത സൈനികാഭ്യാസം റദ്ദാക്കാന്‍ ഉത്തരകൊറിയ ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതാണ് ഉത്തരകൊറിയയെ ചൊടിപ്പിച്ചത്. സംയുക്ത സൈനികാഭ്യാസം നടന്നാല്‍ അത് ആണവനിരായുധീകരണ ചര്‍ച്ചകളെ ബാധിക്കുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പും നല്‍കിയിരുന്നു, ശേഷം ഉത്തരകൊറിയ-യുഎസ് ഉദ്യോഗസ്ഥതല ചര്‍ച്ച നടന്നിട്ടില്ല. ഉത്തരകൊറിയ ആണവ പരീക്ഷണം അവസാനിപ്പിച്ചെന്നും ഇനി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിക്കില്ലെന്നും കിം ജോങ് ഉന്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ കർശനമായ സാമ്പത്തിക ഉപരോധങ്ങൾക്കിടയിലും പുതിയ ആയുധങ്ങൾ വികസിപ്പിച്ച് കരുത്ത് കാട്ടുകയാണ് ഉത്തരകൊറിയ.

Tags:    

Similar News