യമനില്‍ സെെനിക ക്യാമ്പിന് നേരെ ഹൂതി ആക്രമണം; 36 മരണം

ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ ഔദ്യോഗിക വാര്‍ത്താ ചാനലായ അല്‍ മസീറ ടിവിയാണ് ആക്രമണം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

Update: 2019-08-02 03:23 GMT

യമനില്‍ സൈനിക ക്യാമ്പിന് നേരെ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 36 സൈനികര്‍ കൊല്ലപ്പെട്ടു. മറ്റൊരു ചാവേര്‍ ആക്രമണത്തില്‍ 13 പേര്‍ക്കും ജീവന്‍ നഷ്ടമായിട്ടുണ്ട്. യമന്‍ സര്‍ക്കാറിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഏദനിലാണ് രണ്ട് ആക്രമണങ്ങളുമുണ്ടായത്.

ഇറാന്‍ പിന്തുണയുള്ള ഹൂതികളുടെ ഔദ്യോഗിക വാര്‍ത്താ ചാനലായ അല്‍ മസീറ ടിവിയാണ് ആക്രമണം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. യു.എ.ഇയുടേയും സൌദി അറേബ്യയുടേയും പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഏദനിലെ അല്‍ ജലാ സൈനിക ക്യാമ്പിന് നേരെയായിരുന്നു ആക്രമണം. യമന്‍ സര്‍ക്കാറിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന ഏദനിലെ അതീവ സുരക്ഷാ മേഖലയിലുണ്ടായ ആക്രമണം യമന്‍ സര്‍ക്കാറിനേയും സഖ്യകക്ഷികളേയും ഞെട്ടിച്ചിട്ടുണ്ട്.

Advertising
Advertising

അബുല്‍ യമാമ എന്നറിയപ്പെടുന്ന സൈനിക കമാന്‍ഡര്‍ മുനീര്‍ അല്‍ യാഫിയും കൊല്ലപ്പെട്ടവരിലുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ 36 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ നിരവധിപര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്.

ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ആക്രമണത്തിനുപയോഗിച്ചതായി ഹൂതികള്‍ പറഞ്ഞു. തങ്ങള്‍ക്കെതിരായ സൈനിക നടപടിക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായായിരുന്നു സൈനിക പരേഡെന്നും അതുകൊണ്ടാണ് ആക്രമിച്ചതെന്നും പറഞ്ഞ ഹൂതികള്‍ ഇത്തരം നീക്കങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഇനിയും ആക്രമണങ്ങളുണ്ടാവുമെന്നും പറഞ്ഞു. അതിനിടെ മറ്റൊരു ചാവേര്‍ ആക്രമണത്തില്‍ 13 പേര്‍ക്കും ജീവന്‍ നഷ്ടമായി. ഇതിന്റെ ഉത്തരവാദിത്തവും ഹൂതികള്‍ ഏറ്റെടുത്തു. അതേസമയം യമന്‍ സര്‍ക്കാര്‍ സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags:    

Similar News