ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം;സുനാമി മുന്നറിയിപ്പ്

Update: 2019-08-03 02:49 GMT

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.4 രേഖപ്പെടുത്തിയ ചലനത്തെ തുടര്‍ന്ന് മേഖലയില്‍ അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി. തീരദേശവാസികളോട് അടിയന്തരമായി പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്തോനേഷ്യയിലെ ജാവ ദ്വീപിലാണ് ആശങ്ക വിതച്ച് ശക്തമായ ഭൂകമ്പമുണ്ടായത്. പ്രാദേശിക സമയം രാത്രി 7:30 നായിരുന്നു ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അവഗണിക്കാവുന്നതല്ലെന്നും സുനാമി ഭീതി നിലനില്‍ക്കുന്നതായും രാജ്യത്തെ ജിയോ ഫിസിക്‌സ് ഏജൻസി അറിയിച്ചു.

ജനങ്ങളോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടതായും അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടാന്‍ ജാഗ്രതയോടെയിരിക്കണമെന്നും ദുരന്തനിവാരണ ഏജന്‍സിയും അറിയിച്ചു. ഇതോടെ, പരിഭ്രാന്തിയിലായ ജനങ്ങള്‍ വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും പുറത്തിറങ്ങി തുറസ്സായ സ്ഥലങ്ങളില്‍ കൂടിനിന്നു. 2004ല്‍ ലോകത്തെ നടുക്കിയ സുനാമി ദുരന്തത്തിന് കാരണമായ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപായിരുന്നു.

Similar News