ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി

പടിഞ്ഞാറൻ പ്രവിശ്യയിൽ നിന്ന് ഇന്നലെ പുലര്‍ച്ചെ രണ്ട് തവണ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു.

Update: 2019-08-06 02:24 GMT

ഉത്തരകൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തി. പടിഞ്ഞാറൻ പ്രവിശ്യയിൽ നിന്ന് ഇന്നലെ പുലര്‍ച്ചെ രണ്ട് തവണ പരീക്ഷണം നടത്തിയതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. രണ്ടാഴ്ചക്കിടെ ഇത് നാലാം തവണയാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം നടക്കുന്നത്. പടിഞ്ഞാറന്‍ നഗരമായ ഹുവാന്‍ഗ്യുവില്‍ നിന്ന് കിഴക്കൻ കടൽ തീരത്തേക്കാണ് മിസൈല്‍ പരീക്ഷണം നടന്നത്.

തിങ്കളാഴ്ച അമേരിക്കയും ദക്ഷിണകൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തിയിരുന്നു. ഇതിൽ പ്രകോപിതരായാണ് ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം എന്നാണ് സൂചന. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂൺ ജെ ഇന്നുമായും ഉണ്ടാക്കിയ കരാർ ഇരുവരും ലംഘിച്ചു എന്നായിരുന്നു ഉത്തരകൊറിയയുടെ ആരോപണം. സംയുക്ത സൈനികാഭ്യാസത്തെ ന്യായീകരിക്കാൻ ഇരു രാജ്യങ്ങളും ശ്രമിക്കുകയാണെന്നും ഉത്തരകൊറിയ വിദേശകാര്യ മന്ത്രാലയം വിമർശിച്ചു.

Advertising
Advertising

നിലവിലെ സാഹചര്യം നിരീക്ഷിച്ചുവരികയാണെന്നും ദക്ഷിണകൊറിയയും ജപ്പാനുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. രണ്ടാഴ്ചക്കിടെ ഉത്തരകൊറിയ വിക്ഷേപിച്ചതെല്ലാം പുതിയ മോഡൽ ഹ്രസ്വദൂര മിസൈലുകളാണ്. ട്രംപുമായി കിം ജോങ് ഉൻ ആണവ നിരായുധീകരണ ചർച്ച നടത്തിയശേഷം മിസൈൽ പരീക്ഷണം ഉത്തരകൊറിയ താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു. ജൂലൈ 25നായിരുന്നു കൂടിക്കാഴ്ചക്ക് ശേഷമുള്ള ആദ്യ മിസൈൽ പരീക്ഷണം. പിന്നീട് കഴിഞ്ഞമാസം 31നും ഈ മാസം 2നും മിസൈൽ പരീക്ഷണങ്ങൾ നടത്തി. രണ്ട് തവണ ജപ്പാൻ സമുദ്രാതിർത്തിക്ക് സമീപം വരെ മിസൈൽ എത്തുകയും ചെയ്തു.

Tags:    

Similar News