കശ്മീരികള്‍ക്ക് വേണ്ടി സൈന്യം ഏതറ്റം വരെയും പോകും; ഇന്ത്യക്ക് ഭീഷണിയുമായി പാകിസ്താന്‍
370 റദ്ദാക്കി ജമ്മു കശ്‍മീരിലെ ഇന്ത്യയുടെ ഇടപെടല്‍ ഒരു തരത്തിലും പാകിസ്താന്‍ അംഗീകരിച്ചു നല്‍കില്ലെന്നും ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.
കശ്മീരി ജനതക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് പാകിസ്താന്‍ സൈന്യം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ഇന്ത്യന്‍ സര്‍ക്കാരിന്റെ തീരുമാനത്തെ പൂര്‍ണമായും തള്ളിയാണ് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തി പാകിസ്താന്‍ രംഗത്തു വന്നിരിക്കുന്നത്. പരോക്ഷമായ യുദ്ധ ഭീഷണിയാണ് പാക് സൈന്യം മുന്നോട്ടുവെക്കുന്നത്. കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ റാവല്‍പിണ്ടിയില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് പാക് സൈന്യം ഭീഷണി ഉയര്‍ത്തിയത്. പാക് സൈനിക മേധാവി ഖമര്‍ ബജ്‍വയുടെ നേതൃത്വത്തിലായിരുന്നു യോഗം.
''കശ്മീര്‍ വിഷയത്തില്‍ പാക് സര്‍ക്കാരിന്റെ നിലപാടിനോടൊപ്പം ഉറച്ചുനില്‍ക്കുകയാണ് പാക് സൈന്യം. കശ്മീരി ജനതയോടുള്ള കടമ നിറവേറ്റുന്നതിന് ഏതറ്റം വരെയും പോകും. അതിന് പൂര്‍ണസജ്ജമാണ്.'' യോഗത്തിന് ശേഷം ബജ്‍വയെ ഉദ്ധരിച്ച് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. 370 റദ്ദാക്കി ജമ്മു കശ്‍മീരിലെ ഇന്ത്യയുടെ ഇടപെടല്‍ ഒരു തരത്തിലും പാകിസ്താന്‍ അംഗീകരിച്ചു നല്‍കില്ലെന്നും ഗഫൂര്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയയെ വിദേശകാര്യ ഓഫീസിലേക്ക് വിളിച്ച് വരുത്തി പാകിസ്താന്‍ പ്രതിഷേധമറിയിച്ചിരുന്നു. ഇന്ത്യ കശ്മീരില്‍ നടത്തിയത് അനധികൃത നടപടികളാണെന്നും അത് തള്ളിക്കളയുന്നതായും പാകിസ്താന്‍ വ്യക്തമാക്കി. ഏകപക്ഷീയമായി ഇന്ത്യ എടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്നും ഇന്ത്യയുടെ നിയമവിരുദ്ധ നീക്കത്തിനെതിരേ സാധ്യമായ എല്ലാ വഴികളും തേടുമെന്നും കശ്മീരികള്‍ക്കൊപ്പം നില്‍ക്കുമെന്നും പാക് വിദേശകാര്യ മന്ത്രാലയം നേരത്തെ പ്രതികരിച്ചിരുന്നു.