സംയമനം ദൗര്‍ബല്യമായി കാണരുതെന്ന് മുന്നറിയിപ്പ്; ഹോങ്കോങ് പ്രക്ഷോഭകര്‍ക്ക് മുന്നറിയിപ്പുമായി ചൈന  

Update: 2019-08-07 04:01 GMT

ഹോങ്കോങ് പ്രക്ഷോഭക്കാര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായി ചൈന. തീകൊണ്ടുള്ള കളിയാണെന്നും പ്രതിഷേധത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നും ചൈനീസ് വക്താവ് അറിയിച്ചു. സര്‍ക്കാരിനെ വിലകുറച്ച് കാണരുതെന്നും അതിര് വിട്ടാല്‍ ശക്തമായ നടപടികളിലേക്ക് കടക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ രണ്ട് മാസത്തിലധികമായി ഹോങ്കോങില്‍ പൗരന്‍മാരെ വിചാരണക്കായി ചൈനക്ക് വിട്ടുകൊടുക്കാന്‍ വ്യവസ്ഥ ചെയുന്ന നിര്‍ദിഷ്ട കുറ്റവാളി കൈമാറ്റ നിയമഭേദഗതിക്കെതിരെയാണ് പ്രതിഷേധം നടക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തില്‍ പൊതുഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരുന്നു. 200 ലധികം വിമാനങ്ങളാണ് റദ്ദാക്കിയത്. ക്രമസമാധാനം പുനസ്ഥാപിക്കുക എന്നതാണ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളമുള്ള വെല്ലുവിളി. ആഴ്ചകളായി തുടരുന്ന പ്രക്ഷോഭം ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഹോങ്കോങിനെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കുമെന്ന് അഡ്മിനിസ്ട്രേഷന്റെ ചീഫ് സെക്രെട്ടറി പറഞ്ഞു. ഒപ്പം പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പൊലീസ് നടപടിയെ കുറിച്ച് അന്വേഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

ആഴ്ചകളായി തുടരുന്ന പ്രതിഷേധത്തില്‍ അക്രമസക്തരായ പ്രതിഷേധക്കാര്‍ നഗരത്തിലെ സമാധാന അന്തരീക്ഷം കളയുന്നുവെന്നാണ് ചൈനയിലെ ഹോങ്കോങ് സ്ഥാനപതിയുടെ ഓഫീസ് ഇക്കാര്യത്തില്‍ പ്രതികരിച്ചത്. സമാധാന അന്തരീക്ഷം തകര്‍ക്കുന്നവര്‍ കുറ്റവാളികളാണെന്നും അതിനാല്‍ കുറ്റവാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയാണെന്നും ഇവര്‍ വ്യക്തമാക്കി. തുടര്‍ച്ചയായി നടക്കുന്ന പ്രതിഷേധം ഭരണകക്ഷിക്ക് വെല്ലുവിളിയാണ്. ചൈനീസ് നേതാവ് ഷീ ജിന്‍പിംഗ് 2012 ല്‍ അധികാരത്തില്‍ വന്നതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ ജനകീയ വെല്ലുവിളിയാണിത്. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് സ്വയംഭരണാവകാശത്തോടെ 1997-ലാണ് ചൈനയുടെ കീഴിലായത്. സ്വന്തമായി നിയമ, സാമ്പത്തികകാര്യ വ്യവസ്ഥയും പൗരാവകാശ നിയമങ്ങളും ഹോങ്കോങ്ങിനുണ്ട്. എന്നാല്‍ ഭരണത്തിലും നിയമവാഴ്ചയിലും ചൈനയുടെ ഇടപെടലുകള്‍ ശക്തമാണ്.

Tags:    

Similar News