‘യുദ്ധത്തിന് തുനിഞ്ഞാല്‍ ശക്തമായി തിരിച്ചടിക്കും’; പുതിയ മൂന്ന് ഉപരിതല മിസൈലുകള്‍ സജ്ജമാക്കി ഇറാന്‍
അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍ മൂന്ന് ഉപരിതല മിസൈലുകള്‍ പ്രവര്‍ത്തന സജ്ജമാക്കി. അമേരിക്കയുടെ ഏത് ഭീഷണിയും നേരിടാന്‍ തയ്യാറാണെന്ന് പ്രതിരോധമന്ത്രി അമീര്‍ ഹാതമി അറിയിച്ചു. അമേരിക്ക ചര്‍ച്ചക്ക് ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യം ഉപരോധം നീക്കണമെന്ന് ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനി വ്യക്തമാക്കി.
വിമാനത്തില്‍ നിന്നോ ഡ്രോണില്‍ നിന്നോ വിക്ഷേപിക്കാവുന്ന യാസിന്‍, ജി.പി.എസ് ഘടിപ്പിച്ച ഗെയിം, ബലബാന്‍ തുടങ്ങിയവയാണ് ഇറാന്‍ പുറത്തിറക്കിയ പുതിയ ഉപരിതല മിസൈലുകള്‍. അമേരിക്കയുടെ ഭീഷണി ഇനി വിലപോവില്ല. ഏത് ഭീഷണിയും നേരിടാന്‍ സജ്ജമാണെന്ന് ഇറാന്‍ പ്രതിരോധമന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ അമിര്‍ ഹട്ടാമി അറിയിച്ചു. ഇറാന്റെ ശക്തിയും മേന്മയും വ്യക്തമാക്കുന്നതാണ് പുതിയ മിസൈലുകള്‍ എന്നും ഹട്ടാമി കൂട്ടിച്ചേര്‍ത്തു.
ഇറാനുമായി യുദ്ധത്തിന് തുനിഞ്ഞാല്‍ അത് യുദ്ധങ്ങളുടെ മാതാവായി മാറുമെന്നും വിദേശമന്ത്രാലയത്തില്‍ നടത്തിയ പ്രസംഗത്തില്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഭീഷണി മുഴക്കി. വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് ഷെരീഫിനെതിരെ കൂടി ഉപരോധം ഏര്‍പ്പെടുത്തിയതോടെ അമേരിക്ക ഇറാന്‍ ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. ഇറാന്റെ മുന്നറിയിപ്പില്‍ അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.