പുല്‍വാമകള്‍ ആവര്‍ത്തിക്കപ്പെടാം, ഇത് ഇന്ത്യ - പാക് യുദ്ധത്തിലേക്ക് നീങ്ങും; മുന്നറിയിപ്പുമായി പാക് പ്രധാനമന്ത്രി
ഇതൊരു അണുവായുധ ബ്ലാക്ക്‍മെയിലൊന്നുമല്ലെന്നും ഇമ്രാന്‍ പറഞ്ഞു.
ജമ്മു കശ്‍മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ പരോക്ഷ മുന്നറിയിപ്പുമായി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഈ നടപടി മൂലം, പുല്‍വാമ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ഇത് പിന്നീട് രണ്ട് അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധത്തില്‍ കലാശിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്റെ പരാമര്‍ശം.
''ഇനി ബി.ജെ.പി, കശ്മീരി ജനതയെ കൂടുതൽ കഠിനമായി നേരിടും. കശ്മീരി ജനതയുടെ പ്രതിരോധത്തെ അതിക്രൂരമായ ശക്തിയോടെ അടിച്ചമർത്താൻ അവർ ശ്രമിക്കും. പ്രാദേശിക ജനതയെ തുടച്ചുനീക്കാൻ അവർ കശ്മീരിൽ വംശീയ ഉന്മൂലനം ആരംഭിക്കുമെന്ന് പോലും ഞാൻ ഭയപ്പെടുന്നുണ്ടിപ്പോള്‍. പുൽവാമ പോലുള്ള ആക്രമണങ്ങൾ ഇനിയും സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇത് സംഭവിക്കുമെന്ന് എനിക്ക് ഇതിനകം പ്രവചിക്കാൻ കഴിയും. അവർ വീണ്ടും നമ്മുടെ മേൽ കുറ്റം ചുമത്താൻ ശ്രമിക്കും. അത്തരമൊരു സാഹചര്യമുണ്ടായാല്‍ അത് ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധത്തിലേക്ക് നീങ്ങും. അത് പക്ഷേ ആരും ജയിക്കാത്ത യുദ്ധമായിരിക്കും, അതിന്റെ പ്രത്യാഘാതങ്ങൾ ആഗോള തലത്തില്‍ ആഞ്ഞടിക്കും”. - ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി.
ഇതൊരു അണുവായുധ ബ്ലാക്ക്‍മെയിലൊന്നുമല്ലെന്നും ഇമ്രാന്‍ പറഞ്ഞു. ലോകരാജ്യങ്ങളുടെ ശ്രദ്ധയില്‍ ഇക്കാര്യങ്ങള്‍ എത്തിക്കാനുള്ള ശ്രമമാണെന്നും ഇപ്പോള്‍ ഇടപെട്ടില്ലെങ്കില്‍ പിന്നീട് എന്തുണ്ടായാലും തങ്ങള്‍ ഉത്തരവാദികളായിരിക്കില്ലെന്നും ഇമ്രാന്‍ കൂട്ടിച്ചേര്‍ത്തു. ഇതേസമയം, ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കാനുള്ള ഇന്ത്യയുടെ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് ചൈനയും വ്യക്തമാക്കിയിട്ടുണ്ട്.