പക്ഷിയിടിച്ചു, റഷ്യയില്‍ വിമാനം ചോളപാടത്ത് സുരക്ഷിതമായിറക്കി!

വിമാനത്തിന്റെ തകരാര്‍ മനസിലാക്കിയ പൈലറ്റ് എന്‍ജിന്‍ ഓഫ് ചെയ്ത് ലാന്‍ഡിംഗ് ഗിയറുകള്‍ പിന്‍വലിച്ച് ചോള പാടത്തേക്ക് ഇടിച്ചിറക്കുകയായിരുന്നു

Update: 2019-08-16 02:55 GMT

റഷ്യയില്‍ പക്ഷിക്കൂട്ടം ഇടിച്ച് സാങ്കേതിക തകരാര്‍ സംഭവിച്ച യാത്രാ വിമാനം സാഹസികമായി ചോളപ്പാടത്ത് ഇടിച്ചിറക്കി. സംഭവത്തില്‍ 5 കുട്ടികള്‍ അടക്കം 23 പേര്‍ക്ക് പരിക്കേറ്റു. സുകോവ്‌സ്‌കി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന ഉടനാണ് സംഭവം. റണ്‍വേയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള പാടത്താണ് വിമാനം ഇടിച്ചിറക്കിയത്.

മോസ്‌കോയിലെ സുകോവ്‌സ്‌കി വിമാനത്താവളത്തില്‍ നിന്നും 223 യാത്രക്കാരുമായി പറന്നുയര്‍ന്ന യൂറല്‍ എയര്‍ലൈന്‍സിന്റെ എയര്‍ ബസ് 321 വിമാനമാണ് അപകടത്തില്‍ പെട്ടത്. ക്രിമിയയിലെ സിംഫ്രപാലിലേക്കായിരുന്നു വിമാനത്തിന്റെ യാത്ര.

Advertising
Advertising

വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോള്‍ റണ്‍വേയിലേക്ക് പറന്നടുത്ത കടല്‍ കാക്ക കൂട്ടം വിമാന എന്‍ജിനില്‍ കുടുങ്ങുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ വിമാനത്തിന് ഉലച്ചില്‍ അനുഭവപ്പെട്ടെന്നും ഒരു ഭാഗത്തെ വിളക്കുകള്‍ അണഞ്ഞെന്നും യാത്രക്കാര്‍ പറഞ്ഞു. പക്ഷി ഇടിച്ചയുടന്‍ തന്നെ വിമാനത്തിനകത്ത് കരിഞ്ഞ മണം അനുഭവപ്പെട്ടെന്നും യാത്രക്കാര്‍ പറഞ്ഞു.

വിമാനത്തിന്റെ തകരാര്‍ മനസിലാക്കിയ പൈലറ്റ് എന്‍ജിന്‍ ഓഫ് ചെയ്ത് ലാന്‍ഡിംഗ് ഗിയറുകള്‍ പിന്‍വലിച്ച് ചോള പാടത്തേക്ക് ഇടിച്ചിറക്കുകയായിരുന്നു. ടേക്ക് ഓഫ് ചെയ്ത് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ ദൂരമാണ് വിമാനം പറന്നത്. പരിക്കേറ്റ 23 പേരില്‍ 5 പേര്‍ കുട്ടികളാണ്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കില്ലാതെ രക്ഷപ്പെട്ടവരെ തിരിച്ച് വിമാനതാവളത്തില്‍ എത്തിക്കുകയും പകരം സംവിധാനം ഏര്‍പ്പാടാക്കുകയും ചെയ്തു.

ഇടിച്ചിറക്കിയ വിമാനത്തിന് തുടര്‍ന്നും പറക്കാനാവാത്ത വിധം കേടുപാട് സംഭവിച്ചിട്ടുള്ളതായി അധികൃതര്‍ വ്യക്തമാക്കി. വ്യോമയാന രംഗത്തെ അത്ഭുതമായാണ് റഷ്യന്‍ അധികൃതര്‍ സംഭവത്തെ വിശേഷിപ്പിക്കുന്നത്. യു.എസ് എയര്‍വേയ്‌സിന്റെ വിമാനം 2009 ല്‍ ഹഡ്‌സണ്‍ നദിയില്‍ ലാന്‍ഡിംഗ് നടത്തിയ സംഭവത്തിനോടാണ് ഈ അപകടത്തെ താരതമ്യം ചെയ്യുന്നത്. അപകടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News