ബ്രെക്സിറ്റില്‍ പുതിയ കരാര്‍ വേണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍
കരാറുണ്ടെങ്കിലും ഇല്ലെങ്കിലും ഒക്ടോബര്‍ 31 ഓടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്നും ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കി
ബ്രെക്സിറ്റില്‍ പുതിയ കരാര്‍ വേണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ഇക്കാര്യം യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടും. കരാറുണ്ടെങ്കിലും ഇല്ലെങ്കിലും ഒക്ടോബര്‍ 31 ഓടെ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമെന്നും ബോറിസ് ജോണ്‍സന്‍ വ്യക്തമാക്കി. ഐറിഷ് അതിര്‍ത്തിയുടെ കാര്യത്തില്‍ പഴയ കരാറിലെ ധാരണകള്‍ അംഗീകരിക്കാനാകില്ലെന്നാണ് ബോറിസ് ജോണ്‍സന്‍റെ നിലപാട്. അതിനാല്‍ പുതിയ കരാര്‍ ആവശ്യമാണ്. ഇക്കാര്യം യൂറോപ്യന്‍ യൂണിയനില്‍ ആവശ്യപ്പെടാനാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ തീരുമാനം.
അടുത്തയാഴ്ച വിദേശ പര്യടനത്തിന് പോകുന്ന ബോറിസ് വിവിധ യൂറോപ്യന്‍ നേതാക്കളുടെ പിന്തുണ തേടിയേക്കും. പുതിയ കരാറിന് യൂറോപ്യന്‍ യൂണിയന്‍ ഒരുക്കമല്ലെങ്കില്‍ കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കാനാണ് ബോറിസ് ജോണ്‍സന്റെ തീരുമാനം. കരാറുണ്ടായാലും ഇല്ലെങ്കിലും ഒക്ടോബര്‍ 31 ന് യൂറോപ്യന്‍ യൂണിയന്‍ വിടുമെന്ന കാര്യത്തില്‍ മാറ്റമില്ല. അതിന്‍റെ അനന്തരഫലങ്ങള്‍ എന്തായാലും നേരിടുമെന്നും ബോറിസ് വ്യക്തമാക്കി. പുതിയ കരാറിന് യൂറോപ്യന്‍ യൂണിയന്‍ തയ്യാറാകില്ലെന്നാണ് സൂചന. കരാറില്ലാതെ ബ്രെക്സിറ്റ് നടപ്പാക്കുന്നത് ബ്രിട്ടനെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമന്നാണ് വിദഗ്ധരുടെ അഭിപ്രായം.
മുഖ്യപ്രതിപക്ഷമായ ലേബര്‍പാര്‍ട്ടിയുടെ നേതാവ് ജെറമി കോര്‍ബിന്‍ കടുത്ത വിമര്‍ശനവുമായി രംഗത്തുണ്ട്. ബ്രെക്സിറ്റില്‍ ഹിതപരിശോധന പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും കൃത്യമായ കരാറിലെത്താന്‍ ബ്രിട്ടന് സാധിച്ചിട്ടില്ല. കരാര്‍ പാര്‍ലമെന്‍റില്‍ പാസാക്കുന്നതില്‍ പരാജയപ്പെട്ടതോടെ തെരേസ മേ പ്രധാനമന്ത്രി പദം രാജിവെച്ചിരുന്നു. തുടര്‍ന്നാണ് ബ്രെക്സിറ്റിന്‍റെ ശക്തനായ വക്താവായ ബോറിസ് ജോണ്‍സന്‍ അധികാരത്തിലേറിയത്.