ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് വണ്‍ ജിബ്രാള്‍ട്ടര്‍ തീരം വിട്ടു
കഴിഞ്ഞ വെള്ളിയാഴ്ച തന്നെ ഗ്രേസ് വണ്‍ കപ്പല്‍ മോചിപ്പിക്കുന്നതനുള്ള നടപടികള്‍ ജിബ്രാള്‍ട്ടര്‍ ഭരണകൂടം തുടങ്ങിയിരുന്നു.
ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാനിയന്‍ എണ്ണക്കപ്പല്‍ ഗ്രേസ് വണ്‍, ജിബ്രാള്‍ട്ടര്‍ തീരം വിട്ടു. കപ്പല്‍ വിട്ടു തരണമെന്ന അമേരിക്കയുടെ ആവശ്യം നടപ്പിലാക്കാനാവില്ലെന്ന് ജിബ്രാള്‍ട്ടര്‍. കപ്പലിലുള്ള മലയാളികളടക്കമുള്ള ജീവനക്കാരുടെ മോചനം ഉടന്‍ യാഥാര്‍ഥ്യമാകും.
കഴിഞ്ഞ വെള്ളിയാഴ്ച തന്നെ ഗ്രേസ് വണ്‍ കപ്പല്‍ മോചിപ്പിക്കുന്നതനുള്ള നടപടികള്‍ ജിബ്രാള്‍ട്ടര്‍ ഭരണകൂടം തുടങ്ങിയിരുന്നു. പക്ഷേ കപ്പല്‍ വിട്ടുനല്കുന്നതിനെതിരെ അമേരിക്ക രംഗത്തുവന്നു. കപ്പല്‍ തങ്ങള്‍ക്ക് വിട്ടുതരണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഈ ആവശ്യം ഇന്നലെ ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി തള്ളി. ഇറാനെതിരായ അമേരിക്കന്‍ ഉപരോധം നടപ്പാക്കാന്‍ യൂറോപ്യന്‍ യൂണിയന് ബാധ്യതയില്ലെന്ന് പറഞ്ഞാണ് ജിബ്രാള്‍ട്ടര്‍ സുപ്രീംകോടതി അമേരിക്കന്‍ ആവശ്യം തള്ളിയത്.
തുടര്‍ന്നാണ് കപ്പല്‍ ജിബ്രാള്‍ട്ടര്‍ തീരം വിട്ടത്. ജിബ്രാള്‍ട്ടര്‍ കോടതിയുടെ മോചന വ്യവസ്ഥ പ്രകാരം കപ്പലിന്‍റെ പേര് ഗ്രേസ് വണ്‍ എന്നത് ആഡ്രിയന്‍ ഡാരിയ വണ്‍ എന്നാക്കിയിട്ടുണ്ട്. കപ്പലില്‍ സ്ഥാപിച്ചിരുന്ന പനാമയുടെ പതാക താഴ്ത്തി പകരം ഇറാന്‍റെ പതാകയും നാട്ടി. ജൂലൈ നാലിനാണ് ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തിയെന്നാരോപിച്ച് ഇറാന്‍ എണ്ണക്കപ്പല്‍ ബ്രിട്ടീഷ് നാവികസേന പിടികൂടിയത്. ഇതിന് പ്രതികാരമായി ബ്രിട്ടന്റെ സ്റ്റെന എംപാരോ എന്ന കപ്പല്‍ ഇറാനും പിടിച്ചെടുത്തു.