സുഡാനില്‍ പുതിയ ഭരണസമിതി അധികാരമേറ്റു

മൂന്നു ദശകം സുഡാനെ അടക്കി ഭരിച്ച സൈനിക ഏകാധിപതി ഒമർ അൽ ബഷീർ ജനകീയ സമരത്തെത്തുടർന്ന് ഏപ്രിലിലാണു സ്ഥാനഭ്രഷ്ടനായത്

Update: 2019-08-22 02:58 GMT

ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ സുഡാനില്‍ പുതിയതായി രൂപം കൊണ്ട ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്തു. സുഡാന്‍ പ്രസിഡന്‍റെ ഔദ്യോഗിക വസതിയിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടന്നത്. സുഡാനിൽ സൈനിക-സിവിലിയൻ സംയുക്ത സമിതി അധികാരമേറ്റു. സൈനിക സമിതിയും പ്രതിപക്ഷ സംഘടനകളും ചേര്‍ന്നുള്ള 11 അംഗ ഭരണസമിതിയില്‍ ഒരാളൊഴികെ ബാക്കിയുള്ളവരെല്ലാം സത്യപ്രതിജ്ഞ ചെയ്തു. ബാക്കിയുള്ള ഒരാള്‍ അടുത്ത ദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

മൂന്ന് വര്‍ഷത്തിന് ശേഷം തെരഞ്ഞെടുപ്പ് നടക്കുന്നത് വരെയാണ് സമിതി അധികാരത്തിലിരിക്കുക. ആറു സിവിലിയന്മാരും അഞ്ചു സൈനികരും ഉൾപ്പെട്ട സമിതിയില്‍ ആദ്യത്തെ 21 മാസം സൈനിക മേധാവി ജനറല്‍ അബുദുല്‍ ഫത്താഹ് അല്‍ ബുര്ഹാനാണ് സമിതിയുടെ തലവന്‍. ശേഷിക്കുന്ന 18 മാസം സിവിലിയന്‍സ് നിര്‍ദ്ദേശിക്കുന്ന വ്യക്തിയാകും സമിതിയെ നയിക്കുക. 39 മാസത്തിനകം പൂർണ സിവിലിയൻ ഭരണം നിലവിൽ വരും. അതുവരെ സമിതിക്കായിരിക്കും അധികാരം. എന്നാല്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് ഇനി സമിതിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.

മൂന്നു ദശകം സുഡാനെ അടക്കി ഭരിച്ച സൈനിക ഏകാധിപതി ഒമർ അൽ ബഷീർ ജനകീയ സമരത്തെത്തുടർന്ന് ഏപ്രിലിലാണു സ്ഥാനഭ്രഷ്ടനായത്. ഇതിനിടെ അൽബഷീറിനെതിരെ വിചാരണ ആരംഭിച്ചതായും. അൽ ബഷീർ പ്രതിക്കൂട്ടിൽ നിൽക്കുന്ന ചിത്രം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. സൗദിയിൽ നിന്നു വൻതുക ബഷീർ കോഴ വാങ്ങിയെന്നും ആരോപണമുണ്ട്.

Tags:    

Similar News