ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു
ദക്ഷിണ കെറിയയും ജപ്പാനും തമ്മില്‍ ഈ അടുത്തുണ്ടായ ഒരു കേസാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ തര്‍ക്കത്തിന് പെട്ടെന്നുണ്ടായ കാരണം
ജപ്പാനും ദക്ഷിണ കൊറിയയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ജപ്പാനുമായുള്ള രഹസ്യാന്വേഷണ കൈമാറ്റ ഉടമ്പടി റദ്ദാക്കുന്നതായി ദക്ഷിണ കൊറിയ അറിയിച്ചു. മുന്‍ഗണനാ വ്യാപാര പങ്കാളിത്ത പട്ടികയില്‍നിന്നും ദക്ഷിണകൊറിയയെ ജപ്പാന്‍ നേരത്തെ ഒഴിവാക്കിയിരുന്നു. ദക്ഷിണ കൊറിയയും ജപ്പാനും തമ്മിലുള്ള 'ജനറൽ ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫ് മിലിട്ടറി ഇൻഫർമേഷൻ എഗ്രിമെന്റ് 2016-ലാണ് നിലവില്‍ വന്നത്. ഇത് പുതുക്കേണ്ട അവസാന തീയതി ഇന്നാണ്. ഉത്തരകൊറിയയുടെ മിസൈൽ, ആണവ പദ്ധതി തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടുന്നതായിരുന്നു കരാര്‍. ജപ്പാന്‍റെ സുരക്ഷ സംബന്ധിച്ച് നിര്‍ണ്ണായകമായിരുന്നു ഈ കരാര്‍. അതാണ് ഇപ്പോള്‍ ദക്ഷിണകൊറിയ റദ്ദാക്കുന്നത്.
ദക്ഷിണ കെറിയയും ജപ്പാനും തമ്മില്‍ ഈ അടുത്തുണ്ടായ ഒരു കേസാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ തര്‍ക്കത്തിന് പെട്ടെന്നുണ്ടായ കാരണം. ജപ്പാനിലെ ഏറ്റവും വലിയ സ്റ്റീല്‍ നിര്‍മാണ കമ്പനിയായ നിപ്പോണ്‍ രണ്ടാം ലോകയുദ്ധ കാലത്ത് കൊറിയക്കാരെ നിര്‍ബന്ധിത തൊഴിലിന് വിധേയരാക്കിയിരുന്നു. ഇതിന് നഷ്ടപരിഹാരമായി അതിലെ ഇരകള്‍ക്ക് 89,000 ഡോളര്‍ വീതം കമ്പനി നല്‍കണമെന്നാണ് ദക്ഷിണ കൊറിയന്‍ കോടതി വിധിച്ചത്. ഇതിന് പകരം വീട്ടാനാണ് ജപ്പാന്‍ ദക്ഷിണ കൊറിയക്കെതിരെ നടപടി തുടങ്ങിയത്. ദക്ഷിണ കൊറിയയിലേക്ക് കയറ്റി അയക്കുന്ന മൂന്ന് പ്രധാന രാസവസ്തുക്കള്‍ക്ക് ജപ്പാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയായിരുന്നു ജപ്പാന്‍ നടപടികളുടെ തുടക്കം.